സൂപ്പര്‍ സ്റ്റാര്‍ രജനിയുടെ മാസ് മറുപടിയില്‍ കിടുങ്ങി തമിഴകത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍. തമിഴ്‌നാട് നിയമസഭയിലേക്ക് തെരെഞ്ഞെടുപ്പ് നടന്നാല്‍ ഉറപ്പായും മത്സരിക്കുമെന്ന രജനിയുടെ വാക്കുകളാണ് ഇപ്പോള്‍ ഇവിടെ പ്രധാന ചര്‍ച്ച വിഷയം. ലോക്‌സഭ തിരഞ്ഞെടുപ്പിനൊപ്പം നടന്ന 18 നിയമസഭ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ അണ്ണാ ഡി.എം.കെ പരാജയപ്പെട്ടാല്‍ തമിഴ്‌നാട് സര്‍ക്കാര്‍ വീഴും. ഇതോടെ സംസ്ഥാനത്ത് വീണ്ടും തിരഞ്ഞെടുപ്പ് നടത്തേണ്ടി വരും.
രജനി കളത്തില്‍ ഇറങ്ങിയാല്‍ അത് തമിഴ്‌നാട് രാഷ്ട്രീയത്തില്‍ വലിയ പ്രത്യാഘാതമാണ് ഉണ്ടാക്കുക. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഡി.എം.കെ സഖ്യം തൂത്ത് വാരിയാല്‍ പോലും രജനി ഉണ്ടാക്കുന്ന ബദലിന് മുന്നില്‍ അവരും വെള്ളം കുടിക്കും.കനിമൊഴിയെ കേന്ദ്രമന്ത്രിയാക്കി സംസ്ഥാനത്ത് മുഖ്യമന്ത്രിയാകാനുള്ള ഡി.എം.കെ നേതാവ് സ്റ്റാലിന്റെ സ്വപ്നങ്ങള്‍ക്കാണ് രജനിയുടെ ഈ നീക്കം വെല്ലുവിളി ഉയര്‍ത്തുന്നത്.
രാഷ്ട്രീയവും സിനിമയും ഇടകലര്‍ന്ന തമിഴകത്ത് എല്ലാ രാഷ്ട്രിയ പാര്‍ട്ടികളെയും വെല്ലുവിളിക്കാനുള്ള ആരാധക കരുത്ത് രജനിക്കുണ്ട്. സിനിമയില്‍ നിന്നും വന്ന എം.ജി രാമചന്ദ്രനും, ജയലളിതയും മുഖ്യമന്ത്രിമാരായ ചരിത്രം രജനിയിലൂടെ വീണ്ടും ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹത്തിന്റെ ആരാധകര്‍.
സ്റ്റാലിന്റെ മകന്‍ നടനായ ഉദയനിധി സ്റ്റാലിനും ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഡി.എം.കെക്ക് വേണ്ടി സജീവമായി പ്രചരണം നടത്തിയിരുന്നു. തന്റെ പിന്‍ഗാമിയായി സ്റ്റാലിന്‍ കാണുന്നതും ഉദയനിധിയെയാണ്. സ്റ്റാലിനുമായി ഇടഞ്ഞ് പുറത്ത് പോകേണ്ടി വന്ന സഹോദരന്‍ അഴഗിരി ആവട്ടെ ഡിഎംകെയിലെ പൊട്ടിത്തെറി ലക്ഷ്യമിട്ടാണ് ഇപ്പോള്‍ കരുക്കള്‍ നീക്കുന്നത്.
ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടുകയും നിയമസഭ തെഞ്ഞെടുപ്പില്‍ തകര്‍ന്നടിയുകയും ചെയ്താല്‍ ഡി.എം.കെയില്‍ വലിയ പൊട്ടിതെറി തന്നെ ഉണ്ടാകും. കേന്ദ്ര മന്ത്രി പദം ലക്ഷ്യമിട്ട് മുന്‍ കേന്ദ്ര മന്ത്രി കൂടിയായ ദയാനിധി മാരനും ചെന്നൈയില്‍ നിന്നും മത്സരിക്കുന്നുണ്ട്.
സ്റ്റാലിനുമായി വളരെ അടുത്ത ബന്ധമാണ് ബന്ധുവും സണ്‍ നെറ്റ് വര്‍ക്ക് ഉടമ കൂടിയായ ദയാനിധി മാരനുള്ളത്. കരുണാനിധിയുടെ മറ്റൊരു ഭാര്യയിലുള്ള മകളായ കനിമൊഴിയേക്കാള്‍ പ്രാധാന്യം കേന്ദ്രത്തില്‍ തനിക്ക് ലഭിക്കണമെന്ന ആഗ്രഹമാണ് ദയാനിധിക്കുള്ളത്. ഈ ആഗ്രഹം ഡി.എം.കെയില്‍ വീണ്ടുമൊരു പൊട്ടിത്തെറിക്ക് തന്നെ കാരണമായേക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരും അഭിപ്രായപ്പെടുന്നത്.
മുന്‍പ് സണ്‍ നെറ്റ് വര്‍ക്കിന് കീഴിലുള്ള മാധ്യമത്തില്‍ വന്ന സര്‍വ്വേയില്‍ കുപിതനായ അഴഗിരിയുടെ അണികള്‍ മധുരയിലെ പത്ര ഓഫീസ് ആക്രമിച്ച് ജീവനക്കാരെ ഉള്‍പ്പെടെ ചുട്ടുകൊന്നിരുന്നു. സ്റ്റാലിനെ കരുണാനിധിയുടെ പിന്‍ഗാമിയായി ഉയര്‍ത്തി കാട്ടിയ നടപടിയാണ് അളഗിരി അനുയായികളെ പ്രകോപിപ്പിച്ചിരുന്നത്. തെക്കന്‍ ജില്ലകളില്‍ ഇപ്പോഴും ചെറുതല്ലാത്ത സ്വാധീനം അളഗിരിക്കുണ്ട്. രജനി രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചാല്‍ അതോടൊപ്പം നില്‍ക്കാനും അളഗിരിക്ക് ആഗ്രഹമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇതിനിടെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഡി.എം.കെ സഖ്യം തൂത്തുവാരുമെന്ന അഭ്യൂഹം ഉയര്‍ന്നതോടെ ബി.ജെ.പിയും ചില കരുനീക്കങ്ങള്‍ തുടങ്ങിയിട്ടുണ്ട്. മുന്‍പ് വാജ്‌പേയി സര്‍ക്കാരിനെ പിന്തുണച്ച ചരിത്രം ഓര്‍മ്മപ്പെടുത്തി ഡി.എം.കെ നേതൃത്വവുമായി ദൂതന്‍മാര്‍ മുഖേനയാണ് ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടുള്ളത്. ഡി.എം.കെ വഴങ്ങിയില്ലെങ്കില്‍ ഒരു വിഭാഗത്തെ പിളര്‍ത്തി കൂടെ നിര്‍ത്താനും ബി.ജെ.പി ശ്രമിച്ചേക്കും.
നിലവില്‍ കോണ്‍ഗ്രസ്സും സി.പി.എമ്മും ഉള്‍പ്പെട്ട മുന്നണിയായാണ് ഡി.എം.കെ മത്സരിച്ചിരിക്കുന്നത്. കൂറ് മാറ്റത്തില്‍ പെടാതെ ഡി.എം.കെ അംഗങ്ങളെ പിളര്‍ത്തുന്നത് ശ്രമകരമാകാനാണ് സാധ്യത. എന്നാല്‍ ഡി.എം.കെയില്‍ സ്റ്റാലിന്‍ – കനിമൊഴി അധികാര വടംവലി ഉണ്ടായാല്‍ ബി.ജെ.പിക്ക് കാര്യങ്ങള്‍ എളുപ്പമാകും.
ദയാനിധിമാരന് വലിയ പ്രാധാന്യം കേന്ദ്രത്തില്‍ നല്‍കുന്നതിനോട് വ്യക്തിപരമായി കനിമൊഴിക്കും മുന്‍ കേന്ദ്രമന്ത്രി എ. രാജയ്ക്കുമൊന്നും താല്‍പ്പര്യമില്ലന്നാണ് റിപ്പോര്‍ട്ടുകള്‍.
കരുണാനിധിയുടെ മരണ ശേഷം നടക്കുന്ന ഈ തിരഞ്ഞെടുപ്പ് ഫലവും അതിന് ശേഷം സ്റ്റാലിന്‍ സ്വീകരിക്കുന്ന നിലപാടും ആയിരിക്കും ഡി.എം.കെയുടെയും ഭാവി ഇനി നിര്‍ണ്ണയിക്കുക.അതേസമയം, കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യു.പി.എക്ക് തമിഴകത്തു നിന്നുള്ള 39 സീറ്റുകളിലെ വിധിയെഴുത്ത് കേന്ദ്ര മന്ത്രിസഭ ഉണ്ടാക്കാന്‍ അനിവാര്യമാണ്. ഇത്തവണ ഇല്ലെങ്കില്‍ ഇനി ഒരിക്കലും ഇല്ലെന്ന് കരുതുന്ന രാഹുല്‍ ഗാന്ധി തമിഴ്‌നാട് അടക്കം മുന്നണിക്ക് വിജയ സാധ്യതയുള്ള സംസ്ഥാനങ്ങളില്‍ പ്രത്യേക നിരീക്ഷകരെ തന്നെ നിയോഗിച്ചിട്ടുണ്ട്.
കര്‍ണ്ണാടക മോഡലില്‍ ഒരു മുന്‍കരുതല്‍ ഈ സംസ്ഥാനങ്ങളില്‍ സ്വീകരിക്കാനാണ് നേതാക്കള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.കൂറുമാറ്റവും കുതിരക്കച്ചവടവും മുന്‍കൂട്ടി കണ്ടാണ് ജാഗ്രത. എന്ത് വിട്ടുവീഴ്ച ചെയ്താണെങ്കിലും കേന്ദ്രത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കണമെന്നതാണ് കോണ്‍ഗ്രസ്സ് ലക്ഷ്യമിടുന്നത്.
Team Express Kerala