ഡൽഹി: ചരിത്ര പ്രസിദ്ധമായ രാജ്പഥിന്റെ പേര് കർത്തവ്യ പഥ് എന്നാക്കിയതിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് നിർവഹിക്കും. വൈകീട്ട് ഏഴ് മണിക്കാണ് ചടങ്ങ്. ഇന്ത്യാഗേറ്റിന് സമീപം സ്ഥാപിച്ച നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പ്രതിമയും ചടങ്ങിൽ പ്രധാനമന്ത്രി അനാച്ഛാദനം ചെയ്യും.
ചടങ്ങിന് മുന്നോടിയായി ഡൽഹി നഗരത്തിൽ 6 മണി മുതൽ ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്. ഇതുവരെ രാജ്‍പഥ് എന്നറിയപ്പെട്ടിരുന്ന വീഥി കഴിഞ്ഞ ദിവസമാണ് പുനർ നാമകരണം ചെയ്യാനുള്ള നിർദേശം ന്യൂഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ അംഗീകരിച്ചത്. ഇന്ത്യാ ഗേറ്റിലെ നേതാജി പ്രതിമ മുതൽ രാഷ്ട്രപതി ഭവൻ വരെയുള്ള പാതയും സമീപത്തെ പുൽത്തകിടിയും ഉൾപ്പെടെയാണ് ഇനി കർത്തവ്യപഥ് എന്നറിയപ്പെടുക.
സെൻട്രൽ വിസ്ത പദ്ധതിയുടെ ഭാഗമായി 608 കോടി രൂപ മുടക്കിയാണ് കർത്തവ്യ പഥ് ഉൾപ്പെടുന്ന സെൻട്രൽ വിസ്ത അവന്യൂ പുതുക്കി പണിതത്. പൊതുജനങ്ങൾക്കായി കാൽനടപാത, ശുചിമുറികൾ അടക്കം കൂടുതൽ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ബ്രിട്ടീഷ് ഭരണകാലത്ത് ഭരണാധികാരി ജോർജ് അഞ്ചാമനോടുള്ള ബഹുമാന സൂചകമായാണ് രാജ്യത്തിൻറെ ഭരണസിരാ കേന്ദ്രത്തിലേക്കുള്ള വഴിക്ക് കിങ്സ് വേ എന്ന് നേരത്തെ പേരിട്ടത്. സ്വാതന്ത്ര്യത്തിന് ശേഷം അത് രാജ്‍പഥ് ആയി മാറുകയായിരുന്നു.