മുന്നറിയിപ്പില്ലാതെ ഡാം തുറന്നുവെന്ന് താന്‍ പറഞ്ഞിട്ടില്ല ; മലക്കം മറിഞ്ഞ് രാജു എബ്രഹാം

Raju Abraham MLA

തിരുവനന്തപുരം: നിയമസഭയില്‍ മലക്കം മറിഞ്ഞ് എംഎല്‍എ രാജു എബ്രഹാം. മുന്നറിയിപ്പില്ലാതെ ഡാം തുറന്നുവെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നാണ് എംഎല്‍എയുടെ വാദം. മൂന്ന് തവണ മുന്നറിയിപ്പ് നല്‍കിയെന്ന് നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍, മാധ്യമങ്ങള്‍ ഈ ഭാഗം ഒഴിവാക്കിയാണ് വാര്‍ത്ത നല്‍കിയതെന്നും രാജു എബ്രഹാം പറഞ്ഞു.

ഡാമുകള്‍ തുറന്നതിന് മുന്നറിയിപ്പുകള്‍ നല്‍കുന്നതില്‍ കാര്യമായ വീഴ്ച്ച സംഭവിച്ചുവെന്നാണ് രാജു എബ്രഹാം നേരത്തെ അറിയിച്ചിരുന്നത്.

14ാം തീയതി രാത്രി താന്‍ പമ്പയുടെ തീരത്തുണ്ടായിരുന്നു. നദിയില്‍ ക്രമാതീതമായി വെള്ളമുയരുന്നത് കണ്ട താന്‍ റവന്യു ഉദ്യോഗസ്ഥരെ വിളിച്ച് വെള്ളപ്പൊക്കം ഉണ്ടായേക്കുമെന്ന മുന്നറിയിപ്പ് നല്‍കണമെന്ന് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ അതുണ്ടായില്ല. കൃത്യമായ മുന്നറയിപ്പ് നല്‍കിയിരുന്നുവെങ്കില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കുകയും വലിയ അളവില്‍ നാശനഷ്ടങ്ങള്‍ കുറയ്ക്കാമായിരുന്നുവെന്നും എംഎല്‍എ വെളിപ്പെടുത്തിയിരുന്നു.

കടക്കാര്‍ക്ക് സാധനങ്ങള്‍ മാറ്റാനും, ജനങ്ങള്‍ക്ക് വീടൊഴിയാനും സമയം കിട്ടുമായിരുന്നു. പക്ഷേ മുന്നറിയിപ്പ് നല്‍കാത്തതിനാല്‍ ഇതുണ്ടായില്ലന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പമ്പയില്‍ വെള്ളം പൊങ്ങുന്നത് കണ്ട് ആഗസ്റ്റ് 15ന് രാത്രി തങ്ങള്‍ മുഖ്യമന്ത്രിയെ വിളിച്ചുവെന്നും അദ്ദേഹത്തിന്റെ നിര്‍ദേശാനുസരണം രണ്ട് ഡാമുകള്‍ താല്‍കാലികമായി അടച്ചതിനാല്‍ മാത്രമാണ് കൂടുതല്‍ ദുരന്തങ്ങള്‍ ഒഴിവായതെന്നും രാജു പറഞ്ഞു. ഡാമുകള്‍ അടച്ചില്ലായിരുന്നുവെങ്കില്‍ റാന്നിയില്‍ തന്നെ ആറായിരം,ഏഴായിരം പേര്‍ ഒലിച്ചു പോകുമായിരുന്നുവെന്നും അദ്ദേഹം അറിയിച്ചിരുന്നു.

ഒഡീഷയില്‍ ന്യൂനമര്‍ദ്ദമുണ്ടായപ്പോള്‍ തന്നെ ഇവിടെ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കേണ്ടതായിരുന്നു. 1991ലും സമാനമായ ഒരു സാഹചര്യം റാന്നിയിലുണ്ടായിരുന്നു. തോടുകളും നദികളും നിറഞ്ഞു നില്‍ക്കുന്ന അവസ്ഥയില്‍ മഴ ശക്തമായാല്‍ വളരെ പെട്ടെന്ന് വെള്ളപ്പൊക്കമുണ്ടാക്കും. നേരത്തെ ഇത്തരം സന്ദര്‍ഭങ്ങളില്‍ മുന്നറിയിപ്പ് നല്‍കാറുണ്ടായിരുന്നു. ഈ പ്രാവശ്യം ഇടുക്കി ഡാം തുറക്കുന്നതില്‍ മാതൃകാപരമായ മുന്‍കരുതലുകള്‍ ഉണ്ടായി എന്നാല്‍ പമ്പയില്‍ ശബരിഗിരി,ആനത്തോട്,കക്കി ഡാമുകളുടെ കാര്യത്തില്‍ അതുണ്ടായില്ല. ഗുരുതരമായ പാളിച്ചകളാണ് ഉണ്ടായതെന്നും ഇതേക്കുറിച്ച് ഗൗരവകരമായ അന്വേഷണം വേണമെന്നും രാജു എബ്രഹാം വ്യക്തമാക്കിയിരുന്നു.

Top