തിരുവനന്തപുരം: സംസ്ഥാനത്ത് ഡാമുകള്‍ തുറന്നതുകൊണ്ടല്ല പ്രളയ ദുരന്തമുണ്ടായതന്ന് രാജു ഏബ്രഹാം എംഎല്‍എ. അജ്ഞതയില്‍ നിന്നാണ് ഇങ്ങനെയൊരു വിവാദം ഉണ്ടായതെന്നും എംഎല്‍എ അറിയിച്ചു.
തന്റെ മണ്ഡലമായ റാന്നിയിലാണ് ആദ്യം പ്രളയമുണ്ടായത്. മഴ പെയ്യുമെന്നല്ലാതെ മഴ ഇത്രയും കനക്കുമെന്ന് ഒരു ഏജന്‍സിയില്‍നിന്നും മുന്നറിയിപ്പു ലഭിച്ചിരുന്നില്ല. മറിച്ചുള്ള വാദങ്ങളെല്ലാം രാഷ്ട്രീയപരമാണ്. ദുരന്തമുണ്ടായപ്പോള്‍ ആദ്യം ഓടിയെത്തിയതു ഫയര്‍ഫോഴ്‌സാണ്. എന്നാല്‍ ഈ സംവിധാനം കൂടുതല്‍ മെച്ചപ്പെട്ടതായിരുന്നുവെങ്കില്‍ ഒരു ദിവസം കൊണ്ടു തന്നെ തന്റെ മണ്ഡലത്തിലെ ദുരിതം അവസാനിപ്പിക്കാന്‍ കഴിയുമായിരുന്നുവെന്നും തിരുവനന്തപുരത്ത് മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി.
പ്രളയദുരന്തം ചര്‍ച്ച ചെയ്യാനായി പ്രത്യേകമായി ചേര്‍ന്ന നിയമസഭാ സമ്മേളനത്തില്‍ പ്രസംഗിക്കാന്‍ കഴിയാത്തത് പാര്‍ട്ടി തീരുമാനം ഉള്ളതുകൊണ്ടായിരുന്നു. അതു വലിയ വിവാദമാക്കേണ്ട കാര്യമില്ലന്നും അദ്ദേഹം പറഞ്ഞു.
എംഎല്‍എ എന്ന രീതിയില്‍ പ്രളയം ഉണ്ടായ നിമിഷം മുതല്‍ മണ്ഡലത്തില്‍ താന്‍ സജീവമായിരുന്നു. സര്‍ക്കാര്‍ സംവിധാനങ്ങളെല്ലാം നല്ല രീതിയിലാണു പ്രവര്‍ത്തിച്ചത്. സംസ്ഥാനത്തിനു സ്വന്തമായി ഒരു ഹെലികോപ്റ്റര്‍ പോലുമില്ല. വിവാദം ഭയന്നാണു ഹെലികോപ്റ്റര്‍ വാങ്ങാത്തതെന്നും രാജു ഏബ്രഹാം കൂട്ടിച്ചേര്‍ത്തു.