രാജു നാരായണ സ്വാമി എന്ന ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ഒരു സംഭവം തന്നെയാണ്. രാജ്യത്തെ മറ്റാര്‍ക്കും തന്നെ സാധിക്കാത്ത നേട്ടത്തിന് ഉടമയാണ് അദ്ദേഹം. എസ്.എസ്.എല്‍.സി പരീക്ഷയില്‍ മാത്രമല്ല സിവില്‍ സര്‍വ്വീസ് പരീക്ഷയിലും ഒന്നാം റാങ്ക് നേടിയ രാജു നാരായണ സ്വാമി ഇതിനകം തന്നെ അക്കാദമിക് മേഖലയില്‍ സ്വന്തമാക്കിയത് ആരെയും അമ്പരപ്പിക്കുന്ന നേട്ടങ്ങളാണ്. ഏറ്റവും ഒടുവില്‍ അദ്ദേഹമിപ്പോള്‍ ലോകത്തിലെ തന്നെ പ്രശസ്തമായ ലിയോനാഡോ ഡാവിഞ്ചി ഫെല്ലോഷിപ്പിന് അര്‍ഹനായിരിക്കുകയാണ്.
ബൗദ്ധിക സ്വത്ത് അവകാശനിയമത്തിലെ ഗവേഷണങ്ങള്‍ക്ക് അമേരിക്കയിലെ ജോര്‍ജ് മസോണ്‍ യൂണിവേഴ്‌സിറ്റി നല്‍കുന്ന അംഗീകാരമാണ് ഈ ഫെല്ലോഷിപ്പ്. ബാംഗ്ലൂര്‍ നാഷണല്‍ ലോ സ്‌കൂളില്‍ നിന്നും ഈ വിഷയത്തില്‍ ഒന്നാം റാങ്കോടെ പിജി ഡിപ്ലോമയും എന്‍ എല്‍ യു ഡല്‍ഹിയില്‍ നിന്നും ഗോള്‍ഡ് മെഡലോടെ എല്‍ എല്‍ എം ഉം ഈ മലയാളി ഓഫീസര്‍ ഇതിനകം തന്നെ നേടിയിട്ടുണ്ട്. 1991 ബാച്ചിലെ ഉദ്യോഗസ്ഥനായ രാജു നാരായണ സ്വാമി നിലവില്‍ പാര്‍ലമെന്ററി കാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി ആണ്.
അഞ്ചു ജില്ലകളില്‍ കളക്ടറായും കോളേജ് വിദ്യാഭ്യാസ ഡയറക്ടര്‍, കാര്‍ഷികോല്പാദന കമ്മീഷണര്‍, കേന്ദ്ര നാളികേര വികസന ബോര്‍ഡ് ചെയര്‍മാന്‍ തുടങ്ങിയ നിലകളിലും അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. അഴിമതിക്കെതിരെ ഉള്ള പോരാട്ടത്തിന് ഐ ഐ ടി കാണ്‍പൂര്‍ അദ്ദേഹത്തിന് 2018 ല്‍ സത്യേന്ദ്രദുബേ മെമ്മോറിയല്‍ അവാര്‍ഡും നല്‍കിയിട്ടുണ്ട്. 16 സംസ്ഥാനങ്ങളില്‍ നടന്ന 32 തെരഞ്ഞെടുപ്പുകളില്‍ കേന്ദ്ര നിരീക്ഷകനുള്ള ഭാഗ്യവും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. 2018 ലെ സിംബാബ്വേ തെരെഞ്ഞെടുപ്പില്‍ അന്താരഷ്ട്ര നിരീക്ഷകനായും നിയമിതനായിട്ടുണ്ട്. സൈബര്‍ നിയമത്തില്‍ ഹോമി ഭാഭാ ഫെലോഷിപ്പും 2003 ല്‍ കേരള സാഹിത്യ അക്കാഡമി അവാര്‍ഡും രാജു നാരായണ സ്വാമി നേടിയിട്ടുണ്ട്. 200 ലേറെ ഗവേഷണ പ്രബന്ധങ്ങങ്ങളും അദ്ദേഹത്തിന്റേതായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.
അഴിമതിക്കെതിരെ മുഖം നോക്കാതെ കര്‍ശന നടപടി
അഴിമതിക്കാരുടെ പേടിസ്വപ്നമാണ് അന്നും ഇന്നും രാജു നാരായണ സ്വാമി. ഇടുക്കി ജില്ലാ കളക്ടര്‍ ആയിരിക്കെ അഴിമതിക്കെതിരെ പോരാടിയതോടെയാണ് സ്വാമി ദേശീയ തലത്തില്‍ തന്നെ പ്രശസ്തനായിരുന്നത്. രാജകുമാരി ഭൂമി ഇടപാടില്‍ സ്വാമി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ അന്നത്തെ പൊതുമരാമത്തു മന്ത്രിക്കു രാജി തന്നെ വെക്കേണ്ടി വന്നിരുന്നു.ഒരു ഐ എ എസ് ഉദ്യോഗസ്ഥന്റെ റിപ്പോര്‍ട്ടിന്റെ പേരില്‍ ഒരു മന്ത്രി രാജി വയ്ക്കുന്നത്, രാജ്യത്തു തന്നെ ആദ്യ സംഭവമായാണ് വിലയിരുത്തപ്പെടുന്നത്.
ജനകീയ കളക്ടര്‍ ആയിരുന്ന സ്വാമിയെ സ്ഥലം മാറ്റിയപ്പോള്‍ ഇടുക്കി ജില്ല ഒന്നടങ്കം ഹര്‍ത്താല്‍ ആചരിച്ചതും വേറിട്ട കാഴ്ചയായിരുന്നു. തൃശൂര്‍ കളക്ടര്‍ ആയിരിക്കെ നഗരത്തിലെ പട്ടാളം റോഡ് വീതികൂട്ടാന്‍ രംഗത്തിറങ്ങിയ സ്വാമി നഗരത്തിന്റെ മുഖച്ഛായ തന്നെയാണ് മാറ്റിയിരുന്നത്. ഇങ്ങനെ ഒദ്യോഗിക ജീവിതത്തിലും എടുത്തു പറയാന്‍ നേട്ടങ്ങളുടെ ഒരു പട്ടിക തന്നെയുണ്ട് രാജു നാരായണ സ്വാമിക്ക്.