ഒതുക്കിയാലും സ്വാമി ‘ഒതുങ്ങിപ്പോകില്ല’; ഹൈടെക് തന്ത്രവുമായി ഐ.എ.എസ് കരുത്ത്

തിരുവനന്തപുരം: രാജു നാരായണ സ്വാമി ഐ.എ.എസിന്റെ നേതൃത്വത്തില്‍, അച്ചടിവകുപ്പും ഹൈടെക് ആകുന്നു. ഇതിന്റെ ഭാഗമായി കേരളഗസറ്റ് ഇനി ഓണ്‍ലൈനാകും. ഇതിനായി തയ്യാറാക്കിയ ‘കംപോസ്’ പ്രോജക്ട് ഉദ്ഘാടനം ഒക്ടോബര്‍ രണ്ടിന് മുഖ്യമന്ത്രി പിണറായി വിജയനാണ് നിര്‍വ്വഹിക്കുന്നത്.

ഗസറ്റ് ഓണ്‍ലൈനാക്കാന്‍ 2014-ലാണ് സംസ്ഥാന സര്‍ക്കാര്‍, 2.20 കോടി അനുവദിച്ചിരുന്നത്. എന്നാല്‍, യൂണിയനുകളുടെ എതിര്‍പ്പും സോഫ്റ്റ് വെയര്‍ കാലതാമസവും പദ്ധതി നടപ്പാക്കാന്‍ തിരിച്ചടിയായി മാറുകയാണുണ്ടായത്.

അച്ചടി വകുപ്പ് സെക്രട്ടറിയായി രാജു നാരായണ സ്വാമി ചുമതല ഏറ്റെടുത്തതോടെയാണ് എതിര്‍പ്പുകളും ‘പാരകളും’ അവഗണിച്ച് പദ്ധതി നടപ്പാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. കര്‍ക്കശക്കാരനായ ഈ ഐ.എ.എസ് ഓഫീസറുടെ അടുത്ത് ഒരു വേലയും നടക്കില്ല എന്ന് വ്യക്തമായതിനാല്‍ പദ്ധതിക്ക് മുന്‍പ് പാരവെച്ചവരും ഇപ്പോള്‍ മാളത്തില്‍ ഒളിച്ചിരിക്കുകയാണ്.

ഇതോടെ, നീണ്ട ഏഴു വര്‍ഷമായി ചുവപ്പ് നാടയില്‍ കുരുങ്ങിയ പദ്ധതിയാണ് സാക്ഷാത്കരിക്കപ്പെടുന്നത്. ഓണ്‍ലൈന്‍ ആകുന്നതോടെ നടപടി ക്രമങ്ങളിലെ താമസവും ഇനിമുതല്‍ ഒഴിവാകും.

ഗസറ്റ് ഓണ്‍ലൈന്‍ ആകുന്നതോടെ പേരുമാറ്റം, മതം മാറ്റല്‍, ജാതി തിരുത്തല്‍, ഒപ്പ് തിരുത്തല്‍ എന്നിവയ്ക്ക് നേരിട്ടും അക്ഷയ കേന്ദ്രങ്ങള്‍ വഴിയും അപേക്ഷിക്കാന്‍ കഴിയും. ഏഴു ദിവസത്തിനകം ഡിജിറ്റല്‍ സിഗ്‌നേച്ചറോടെ, ഓണ്‍ലൈന്‍ ഗസറ്റ് ഇറങ്ങും. ഇവ പ്രിന്റ് എടുത്ത് ഉപയോഗിക്കാം. മുപ്പത്തിയെട്ടാം നമ്പര്‍ ഗസറ്റുകള്‍ ഓണ്‍ലൈനായി ആദ്യം ഇറങ്ങുക. 300 പേജുള്ള ഗസറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ അന്തിമ ഘട്ടത്തിലാണുള്ളത്. നാഷണല്‍ ഇന്‍ഫോമാറ്റിക് സെന്ററിന്റെ സഹായത്തോടെയാണ് പ്രോജക്ട്.

12 ജില്ലകളിലെ ഫോറം ഓഫീസുകള്‍ മുഖേനയാണ് നിലവില്‍ പേരുമാറ്റം, മതംമാറ്റം, ജാതി തിരുത്തല്‍ എന്നിവ ഉള്‍പ്പെടുന്ന പാര്‍ട്ട് – 4ന് അപേക്ഷ സമര്‍പ്പിക്കുന്നത്. ഫോറം ഓഫീസുകള്‍ ഇല്ലാത്ത, ഇടുക്കി, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ളവര്‍ മറ്റ് ജില്ലാ ഫോറം ഓഫീസുകളിലോ, തിരുവനന്തപുരത്തെ ഡയറക്ട്രേറ്റിലോ എത്തിയാണ് അപേക്ഷ നല്‍കിവരുന്നത്. പുതിയ പദ്ധതി നടപ്പാകുന്നതോടെ ഒക്ടോബര്‍ മുതല്‍ ഈ രണ്ട് ജില്ലക്കാര്‍ക്കും അക്ഷയ വഴിയോ നേരിട്ടോ അപേക്ഷിക്കാന്‍ സാധിക്കും.

നിലവില്‍ അപേക്ഷ സമര്‍പ്പിച്ച് ഉദ്യാഗസ്ഥ പരിശോധനക്ക് ശേഷം 45 – 60 ദിവസം കഴിഞ്ഞാണ് ഗസറ്റ് പ്രസിദ്ധീകരിക്കുന്നത്.

37 ഗസറ്റുകള്‍ ഇറക്കേണ്ട സ്ഥാനത്ത് ഇതുവരെ 30 ഗസറ്റാണ് ഇറങ്ങിയത്. ഉദ്യോഗസ്ഥരുടെ മെല്ലെപ്പോക്കുമൂലം പി.എസ്.സിയിലും മറ്റു സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളിലും യഥാസമയം രേഖകള്‍ ഹാജരാക്കാന്‍ കഴിഞ്ഞിരുന്നില്ല.

ഉദ്യോഗാര്‍ത്ഥികളും ജീവനക്കാരും ഓണ്‍ലൈനായി പണം അടക്കുന്നതിന് ഇ-പേമെന്റ് സംവിധാനവും പുതുതായി ഏര്‍പ്പെടുത്തിയിട്ടുണ്ട്. അനന്തരാവകാശ സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട രേഖകള്‍ താലൂക്ക് ഓഫീസില്‍ നിന്നും തഹസില്‍ദാര്‍ക്ക് നേരിട്ട് അപ് ലോഡ് ചെയ്യാന്‍ സൗകര്യമുള്ളതിനാല്‍ മാസങ്ങളോളമുള്ള കാത്തിരിപ്പിനും അറുതിയാകും.

Top