വീണ്ടും ഒരിക്കൽ കൂടി ചരിത്രമെഴുതിയിരിക്കുകയാണ് ഡോക്ടർ രാജു നാരായണ സ്വാമി. കേരളാ കേഡർ ഐഎഎസ് ഉദ്യോഗസ്ഥനായ രാജു നാരായണ സ്വാമിക്ക് ഇത്തവണ ഡോക്ടറേറ്റ് ലഭിച്ചിരിക്കുന്നത് ഗുജറാത്ത് നാഷനൽ ലോ യൂണിവേഴ്സിറ്റയിൽ നിന്നാണ്. നിയമത്തിലാണ് ഡോക്ടറേറ്റ്. സുപ്രീം കോടതി ജഡ്‌ജി ജസ്റ്റീസ് ഡി വൈ ചന്ദ്രചൂഡ് ആയിരുന്നു കോൺവൊക്കേഷനിലെ മുഖ്യഅതിഥി. സുപ്രീം കോടതി ജഡ്‌ജി ജസ്റ്റീസ് മുകേഷ് ഷായും ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അരവിന്ദ് കുമാറും ചടങ്ങിൽ സന്നിഹിതരായിരുന്നു. 1991 ബാച്ചിലെ ഉദ്യോഗസ്ഥനായ സ്വാമി നിലവിൽ പാർലമെൻററി കാര്യ പ്രിൻസിപ്പൽ സെക്രട്ടറിയാണ്.
അഞ്ചു ജില്ലകളിൽ കളക്ടർ, കോളേജ് വിദ്യാഭ്യാസ ഡയറക്ടർ മാർക്കറ്റ് ഫെഡ് എം.ഡി, കാർഷികോല്പാദന കമ്മീഷണർ ,കേന്ദ്ര നാളികേര വികസന ബോർഡ് ചെയർമാൻ തുടങ്ങിയ നിലകളിലും, അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. അഴിമതിക്കെതിരെയുള്ള പോരാട്ടത്തിന് ഐ.ഐ.ടി കാൺപൂർ, അദ്ദേഹത്തിന് 2018 ൽ സത്യേന്ദ്രദുബേ മെമ്മോറിയൽ അവാർഡും നൽകിയിരുന്നു. 29 പുസ്തകങ്ങളുടെ രചയിതാവായ സ്വാമിക്ക് 2003- ൽ ‘ശാന്തിമന്ത്രം മുഴങ്ങുന്ന താഴ്‌വരയിൽ’ എന്ന യാത്രാവിവരണഗ്രന്ഥത്തിന് കേരള സാഹിത്യ അക്കാദമി അവാർഡും ലഭിച്ചിട്ടുണ്ട്. സൈബർ നിയമത്തിൽ ഹോമി ഭാഭാ ഫെലോഷിപ്പും ഈ ഐ.എ.എസ് ഉദ്യോഗസ്ഥൻ നേടിയിട്ടുണ്ട്. ഡൽഹി നാഷണൽ ലോ യൂണിവേഴ്സിറ്റിയിൽ നിന്നും ഒന്നാം റാങ്കോടെ സ്വാമി എൽ.എൽ.എം പാസ്സായ വാർത്ത ഏതാനും വർഷങ്ങൾക്കു മുൻപ് ദേശിയമാധ്യമങ്ങൾ ഉൾപ്പെടെ വലിയ പ്രാധാന്യത്തോടെയാണ് റിപ്പോർട്ട് ചെയ്തിരുന്നത്. ബൗദ്ധികസ്വത്ത് അവകാശനിയമത്തിലെ ഗവേഷണങ്ങൾക്ക് അമേരിക്കയിലെ ജോർജ് മസോൺ യൂണിവേഴ്സിറ്റി നൽകുന്ന പ്രധാന അംഗീകാരമായ ലിയനാർഡോ ഡാവിഞ്ചി ഫെല്ലോഷിപ്പും ഇക്കഴിഞ്ഞ ഡിസംബറിൽ സ്വാമിക്ക് ലഭിച്ചിട്ടുണ്ട്.
നിയമത്തിലും ടെക്നോളജിയിലും ആയി 200ലേറെ ഗവേഷണ പ്രബന്ധങ്ങളും സ്വാമി പ്രസിദ്ധീകരിച്ചിട്ടുണ്ട്. മുപ്പത്തിനാല് തവണ കേന്ദ്ര തെരഞ്ഞെടുപ്പ് നിരീക്ഷകൻ ആയ രാജ്യത്തെ ഏക ഐ.എ.എസ് ഉദ്യോഗസ്ഥൻ എന്ന അപൂർവ്വ റെക്കോർഡും സ്വാമിയുടെ പേരിൽ തന്നെയാണ് ഉള്ളത്.1989-ൽ നടന്ന സിവിൽ സർവ്വീസ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ ചരിത്രവും രാജു നാരായണ സ്വാമിക്കുണ്ട്. 1983-ലെ എസ്.എസ്.എൽ.സി പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയാണ് റാങ്ക് വേട്ടക്ക് സ്വാമി തുടക്കമിട്ടിരുന്നത്. തുടർന്ന്, 1985-ൽ – പ്രീഡിഗ്രി പരീക്ഷയിലും, ഡിഗ്രി, പി.ജി പരീക്ഷകളിലും അദ്ദേഹം ഒന്നാം റാങ്ക് നേടുകയുണ്ടായി. 2013ൽ സി.ഐ.ആർ.ടി. നടത്തിയ കോംപറ്റീഷൻ ആക്ട് പരീക്ഷയിൽ, നൂറു ശതമാനം മാർക്കിനൊപ്പമാണ് അദ്ദേഹം ഒന്നാംറാങ്ക് നേടിയിരുന്നത്. വിദേശികളടക്കം പങ്കെടുത്ത പരീക്ഷയിൽ നൂറ് ശതമാനം മാർക്കു നേടുക എന്നത് അമ്പരപ്പിക്കുന്ന നേട്ടം തന്നെയാണ്. ഇങ്ങനെ വേറെയും നിരവിധി നേട്ടങ്ങൾ രാജ നാരായണ സ്വാമിയുടെ പേരിലുണ്ട്. രാജ്യത്തെ മറ്റൊരു സിവിൽ സർവ്വീസ് ഉദ്യാഗസ്ഥനും അവകാശപ്പെടാനില്ലാത്ത നേട്ടമാണിത്.
അഴിമതിക്കാർക്കെതിരെ കർക്കശ നിലപാട് സ്വീകരിക്കുന്ന രാജു നാരായണ സ്വാമി വി.എസിൻ്റെ മൂന്നാർ ദൗത്യത്തിൽ പങ്കാളിയായ പ്രധാന ഉദ്യോഗസ്ഥനാണ്. അന്ന് അദ്ദേഹം ഇടുക്കി ജില്ലാ കളക്ടർ ആയിരുന്നു. ഋഷിരാജ് സിംഗും, സുരേഷ് കുമാറുമായിരുന്നു ദൗത്യ സംഘത്തിൽ നിയോഗിക്കപ്പെട്ട മറ്റു രണ്ടു പേർ. വഴിവിട്ട ശുപാർശയുമായി സീനിയർ ഉദ്യോഗസ്ഥർ വന്നാലും മുഖത്ത് നോക്കി ‘നോ’ പറയുന്നതാണ് സ്വാമിയുടെ ശീലം. സ്വഭാവം ഇതായതിനാൽ അദ്ദേഹത്തിന് ശത്രുക്കളും ഏറെയാണ്. ഏത് വകുപ്പിൽ ജോലി ചെയ്താലും ആർക്കു മുന്നിലും മുട്ടുമടക്കാത്ത ഈ ഐ.എ.എസ് ഉദ്യോഗസ്ഥന്റെ നേട്ടങ്ങൾ കേരളത്തിനു മാത്രമല്ല രാജ്യത്തിനു തന്നെ അഭിമാനമാണ്.
EXPRESS KERALA VIEW