കേരള കേഡർ ഐ.എ.എസ് ഓഫീസറുടെ ഇടപെടലിൽ തിരഞ്ഞെടുപ്പ് ബഹിഷ്ക്കരണം പിൻവലിച്ച് രാജസ്ഥാനിലെ ഗ്രാമവാസികൾ.
നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന രാജസ്ഥാനിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദ്ദേശ പ്രകാരം നിരീക്ഷകനായി എത്തിയ ഡോ: രാജു നാരായണാസ്വാമിയാണ് , രാജസ്ഥാനിലും ഇപ്പോൾ താരമായിരിക്കുന്നത്. തിരഞ്ഞെടുപ്പ് ബഹിഷ്ക്കരണം പ്രഖ്യാപിച്ച നയാജേട്ട്പുര ഗ്രാമവാസികളാണ് സ്വാമിയുടെ ഇടപെടലിനെ തുടർന്ന് തിരഞ്ഞെടുപ്പ് ബഹിഷ്കരണത്തിൽ നിന്നും പിൻവാങ്ങിയത്. മാറി മാറി വരുന്ന സർക്കാരുകൾ തങ്ങളുടെ കുടിവെള്ളപ്രശ്നത്തിന് പരിഹാരം കാണാൻ യാതൊന്നും ചെയ്യുന്നില്ലെന്നാരോപിച്ചാണ് ഗ്രാമം ഒന്നടങ്കം നവംബർ 25 ന് നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ തീരുമാനിച്ചിരുന്നത്.
പശ്ചിമരാജസ്ഥാനിലെ ഏറ്റവും വലിയ പ്രശ്നം കുടിവെള്ളമാണ്. ബഹിഷ്ക്കരണം ശ്രദ്ധയിൽപ്പെട്ട രാജു നാരായണ സ്വാമി ഗ്രാമത്തിൽ കുതിച്ചെത്തി ജില്ലാകളക്ടർ മുഖേന രേഖാമൂലം ഉറപ്പ് നൽകിയതോടെയാണ്, ഗ്രാമീണർ വോട്ട് ചെയ്യാമെന്ന് സമ്മതിച്ചിരിക്കുന്നത്. വരുന്ന സർക്കാർ ഏതു തന്നെ ആയാലും, കേന്ദ്രാവൃഷ് കൃത കുടിവെള്ളപദ്ധതിയിൽ ഉൾപ്പെടുത്തി കുടിവെള്ളപ്രശ്നത്തിന് ശാശ്വതപരിഹാരം ഉണ്ടാക്കാം എന്നാണ് കളക്ടർ ഉറപ്പ് നൽകിയിരിക്കുന്നത്. ഗ്രാമത്തിലെ ഭൂരിഭാഗം ജനങ്ങളും പട്ടികജാതി വിഭാഗത്തിൽപെട്ടവരാണ്.
ഇതിനിടെ പ്രത്യേക വീഡിയോ കോൺഫെറെൻസിങ് മുഖേന സ്ഥിതി വിലയിരുത്തിയ ചീഫ് ഇലക്ഷൻ കമ്മീഷൻ, സ്വാമിയുടെയും ജില്ലാകളക്ടർ നിഷാന്ദ് ജയിനിന്റെയും, റിട്ടേണിങ് ഓഫീസർ കുസുമലതയുടെയും നടപടിയിൽ പൂർണ്ണ തൃപ്‌തി രേഖപെടുത്തുകയും, അവരെ അഭിനന്ദിക്കുകയും ചെയ്തിട്ടുണ്ട്.