ന്യൂഡല്‍ഹി: രാജ്യത്തെ വിദ്യാര്‍ത്ഥി സമൂഹത്തെ സംബന്ധിച്ച് ഒരു ‘പാഠപുസ്തകമാണ് ‘ രാജു നാരായണ സ്വാമി. ഇങ്ങനെ മറ്റൊരു വ്യക്തി രാജ്യത്ത് ഉണ്ടോ എന്നതും സംശയമാണ്. നേഴ്സറി മുതല്‍ സിവില്‍ സര്‍വീസു വരെ സ്വാമി പഠിച്ചിടത്തെല്ലാം ഒന്നാം റാങ്കു നേടിയാണ് മടങ്ങിയിട്ടുള്ളത്.രാജു നാരായണ സ്വാമിയുടെ ഈ റെക്കോര്‍ഡു തന്നെയാണ് അദ്ദേഹത്തെ ഒരു ‘പാഠപുസ്തക’മാക്കിയിരിക്കുന്നത്. രാജു നാരായണ സ്വാമിയെ കണ്ടു പഠിക്കൂ എന്ന് അറിവ് തേടി എത്തുന്നവരോട് സ്‌കൂള്‍ മുതല്‍ മുതല്‍ ഐ.എ.എസ് പരിശീലന കേന്ദ്രങ്ങള്‍ വരെ ചൂണ്ടിക്കാട്ടുന്നതും, അദ്ദേഹത്തിന്റെ മിടുക്ക് കണ്ടു തന്നെയാണ്.
ഈ കേരള കേഡര്‍ ഐഎഎസുകാരന്‍. ഇപ്പോള്‍ വ്യത്യസ്ഥമായൊരു റെക്കോര്‍ഡും സ്വന്തമാക്കിയിരിക്കുകയാണ്. രാജ്യത്ത് ഏറ്റവുംകൂടുതല്‍ തെരഞ്ഞെടുപ്പുകള്‍ക്ക് നിരീക്ഷകനായി എന്നതാണത്. മഹാരാഷ്ടയിലെ കോല്‍ഹാപ്പുരിലെ ഉപതെരഞ്ഞെടുപ്പില്‍ നിരിക്ഷകമായി നിയമിക്കപ്പെട്ടപ്പോള്‍, അത് അദ്ദേഹത്തിന്റെ 34-ാം ‘ തെരഞ്ഞെടുപ്പ് നിരീക്ഷണം’ ആയാണ് മാറിയിരിക്കുന്നത്.
തെരഞ്ഞെടുപ്പു കമ്മീഷന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തവണ നിരിക്ഷകനായിട്ടുള്ള രാജു നാരായണ സ്വാമി മഹാരാഷ്ട്രയില്‍ തന്നെ മൂന്നാം തവണയാണ് തെരഞ്ഞെടുപ്പിനെത്തുന്നത്. 2009 ല്‍ ബംഗാളിലെ കൂച്ച് ബെഹാര്‍ ലോകസഭാ തെരഞ്ഞെടുപ്പിലായിരുന്നു ആദ്യം നിരീക്ഷകനായി സേവനമനുഷ്ടിച്ചിരുന്നത്. പിന്നീട് 16 സംസ്ഥാനങ്ങളില്‍ നിരീക്ഷകനായി എത്തി. ജാര്‍ഘണ്ടില്‍ നെക്സല്‍ ഭീഷണി മേഖലയിലും, സംസ്ഥാന വിഭജനത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷം പടര്‍ന്ന തെലുങ്കാനയിലും മികച്ച രീതിയിലാണ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ സ്വാമി ഏകോപിപ്പിച്ചിരുന്നത്.ഈ സേവനം മുന്‍ നിര്‍ത്തി തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വാമിക്ക് പ്രത്യേക അനുമോദന കത്തും നല്‍കിയിരുന്നു. 2018 ലെ സിംബാബ്വേ തെരെഞ്ഞെടുപ്പില്‍ അന്താരാഷ്ട്ര നിരീക്ഷകനാകാനുള്ള ഭാഗ്യവും രാജു നാരായണ സ്വാമിക്കുണ്ടായി.
ഇപ്പോള്‍ തന്റെ നിരീക്ഷണ അനുഭവങ്ങളുടെ പ്ശ്ചാത്തലത്തില്‍, സഹപ്രവര്‍ത്തകരുടെ നിര്‍ബന്ധത്തിനു വഴങ്ങി ‘കൂച്ച് ബെഹാര്‍ മുതല്‍ കൂല്‍ത്തളി വരെ’ എന്ന പുസ്തകവും അദ്ദേഹം തയ്യാറാക്കിയിട്ടുണ്ട്.ഇതാകട്ടെ അദ്ദേഹത്തിന്റെ 30-മത് പുസ്തകവുമാണ്. സ്വാമിയുടെ ‘ശാന്തിമന്ത്രം മുഴങ്ങുന്ന താഴ് വരയില്‍’ എന്ന യാത്രാവിതരണ ഗ്രന്ഥത്തിന് 2003 ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചിരുന്നു.200 ലേറെ ഗവേഷണ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുള്ള ഈ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ബൗദ്ധിക സ്വത്ത് അവകാശനിയമത്തിലെ ഗവേഷണങ്ങള്‍ക്ക് അമേരിക്കയിലെ ജോര്‍ജ് മസോണ്‍ യൂണിവേഴ്സിറ്റിയുടെ ലിയനാര്‍ഡോ ഡാവിഞ്ചി ഫെല്ലോഷിപ്പിനും അര്‍ഹനായിട്ടുണ്ട്. സൈബര്‍ നിയമത്തില്‍ ഹോമി ഭാഭാ ഫെലോഷിപ്പും സ്വാമിക്ക് ലഭിച്ചിട്ടുണ്ട്.
എസ്എല്‍സിക്കും പ്രീഡിഗ്രിക്കും ഡിഗ്രിക്കും എല്ലാം ഒന്നാം റാങ്കുകാരനായിരുന്ന രാജു നാരായണസ്വാമി, ബാംഗ്ലൂര്‍ നാഷണല്‍ ലോ സ്‌കൂളില്‍ നിന്നും ഒന്നാം റാങ്കോടെയാണ് പിജി ഡിപ്ലോമയും എന്‍എല്‍യും പാസായിരിക്കുന്നത്. ഇതിനു പുറമെ, ഡല്‍ഹിയില്‍ നിന്നും ഗോള്‍ഡ് മെഡലോടെ എല്‍ എല്‍ എംഉം സ്വാമി കരസ്ഥമാക്കിയിട്ടുണ്ട്. 1991 ബാച്ചിലെ ഉദ്യോഗസ്ഥനായ രാജു നാരായണസ്വാമി നിലവില്‍ പാര്‍ലമെന്ററി കാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ്. അഞ്ചു ജില്ലകളില്‍ കളക്ടറായും കോളേജ് വിദ്യാഭ്യാസ ഡയറക്ടര്‍ , കാര്‍ഷികോല്പാദന കമ്മീഷണര്‍ , കേന്ദ്ര നാളികേര വികസന ബോര്‍ഡ് ചെയര്‍മാന്‍ തുടങ്ങിയ നിലകളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. അഴിമതിക്കെതിരെയുള്ള പോരാട്ടത്തിന് ഐ ഐ ടി കാണ്‍പൂര്‍ അദ്ദേഹത്തിന് 2018 ല്‍ സത്യേന്ദ്രദുബേ മെമ്മോറിയല്‍ അവാര്‍ഡ് നല്‍കിയും ആദരിക്കുകയുണ്ടായി. മലയാളികളെ സംബന്ധിച്ച് എന്നും അഭിമാനിക്കാവുന്ന പേരാണ് രാജു നാരായണ സ്വാമി.