തുടര്‍ച്ചയായ ഇരുപതാം ദിവസവും പാര്‍ലമെന്റിന്റെ ഇരു സഭകളും സ്തംഭിച്ചു

ന്യൂഡല്‍ഹി : പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധത്തില്‍ തുടര്‍ച്ചയായ ഇരുപതാം ദിവസവും പാര്‍ലമെന്റിന്റെ ഇരു സഭകളും സ്തംഭിച്ചു. കാവേരി വിഷയത്തില്‍ അണ്ണാ ഡിഎംകെയും ആന്ധ്രക്ക് പ്രത്യേക പദവി ആവശ്യപ്പെട്ട് ടിഡിപിയും ഇരുസഭകളിലും പ്രതിഷേധം തുടര്‍ന്നു. നടപടികള്‍ തുടര്‍ച്ചയായി തടസപ്പെടുന്നതില്‍ അതൃപ്തി രേഖപ്പെടുത്തിയ, രാജ്യസഭാധ്യക്ഷന്‍ രണ്ട് മണിവരെ സഭ നിര്‍ത്തിവച്ചു.

ടിഡിപി എംപിമാരുടെ പ്രതിഷേധം അധ്യക്ഷന്റെ ചെയറിന് മുന്നില്‍ വരെ എത്തി. ശാന്തമായാല്‍ ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്നും രാജ്യത്തെ ജനങ്ങളുടെ ക്ഷമ പരീക്ഷിക്കരുതെന്നും അധ്യക്ഷന്‍ വെങ്കയ്യനായിഡു താക്കീത് നല്‍കി.

ഇതിനിടെ രാജ്യസഭയില്‍ പുതിയ എംപിമാരുടെ സത്യപ്രതിജ്ഞ ഇന്നും തുടര്‍ന്നു.

ടിഡിപി, വൈഎസ്ആര്‍ കോണ്‍ഗ്രസ്, അണ്ണാ ഡിഎംകെ എംപിമാര്‍ ആവശ്യങ്ങളുന്നയിച്ച് പാര്‍ലമെന്റിന് പുറത്തും പ്രതിഷേധിച്ചു. കേന്ദ്ര സര്‍ക്കാരിനെതിരെ വിവിധ പ്രതിപക്ഷ കക്ഷികള്‍ നല്‍കിയ അവിശ്വാസ പ്രമേയങ്ങള്‍ ഇന്നും പരിഗണനക്കെടുത്തില്ല.

Top