ന്യൂഡല്‍ഹി: ഒബിസി സംവരണ ബില്ല് രാജ്യസഭയും പാസാക്കി. ഒബിസി പട്ടിക തയ്യാറാക്കുന്നതിന് സംസ്ഥാനങ്ങളുടെ അവകാശം പുനസ്ഥാപിക്കുന്നതിനുള്ള ബില്ലാണിത്. 187 പേരും ബില്ലിനെ അനുകൂലിച്ചു. ആരും എതിര്‍ത്തില്ല. ഇന്നലെ ലോക്‌സഭ ഒബിസി സംവരണ ബില്ല് പാസാക്കിയിരുന്നു. ഒബിസി പട്ടിക നിശ്ചയിക്കുന്നതിനുള്ള അധികാരം ഇതോടെ സംസ്ഥാനങ്ങള്‍ക്ക് തിരിച്ചുകിട്ടുകയാണ്. അതേസമയം, ഇന്‍ഷ്വറന്‍സ് മേഖലയില്‍ കൂടുതല്‍ സ്വകാര്യവത്കരണം അനുവദിക്കുന്ന ബില്ലിനെ പ്രതിപക്ഷം ശക്തമായി എതിര്‍ത്തു.
ഇന്നലെ ലോക്‌സഭ 385 അംഗങ്ങള്‍ ബില്ലിനെ പിന്തുണച്ചിരുന്നു. എതിര്‍പ്പില്ലാതെയാണ് ലോക്‌സഭയിലും ബില്‍ പാസായത്. കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളും ബില്ലിനെ പിന്തുണച്ചിരുന്നു. ഭരണഘടനയിലെ മൂന്ന് അനുച്ചേദങ്ങളിലാണ് 127ാം ഭേദഗതിയിലൂടെ മാറ്റങ്ങള്‍ കൊണ്ടുവരുന്നത്. മറാത്ത സംവരണ കേസിലെ സുപ്രീംകോടതി വിധി മറികടക്കാന്‍ വ്യവസ്ഥകളും ബില്ലിലുണ്ട്.