രാജ്യസഭ തിരഞ്ഞെടുപ്പ് ;മായാവതിക്ക് തിരിച്ചടിയായി ഉത്തര്‍പ്രദേശില്‍ കൂറുമാറ്റം

parliament

ലക്‌നോ: രാജ്യസഭയിലേക്ക് വോട്ടെടുപ്പ് നടക്കുന്ന ഉത്തര്‍പ്രദേശില്‍ കൂറുമാറ്റം. എസ് പിയില്‍ നിന്നും ഒരു എം എല്‍ എയും ബിഎസ്പി യില്‍ നിന്നും ഒരാളുമാണ് കൂറുമാറിയത്. അടുത്തിടെ ബി.ജെ.പിയിലേക്ക് പോയ നരേഷ് അഗര്‍വാളിന്റെ മകനും സമാജ്‌വാദി എം.എല്‍.എയുമായ നിതിന്‍ അഗര്‍വാളും ബി.എസ്.പി അംഗം അനില്‍ സിംഗുമാണ് കൂറുമാറിയത്.

ഇരുവരും ബി.ജെ.പിക്ക് അനുകൂലമായി വോട്ട് ചെയ്‌തെന്നാണ് സൂചന. അതേസമയം, കോണ്‍ഗ്രസിന്റെ ഏഴ് അംഗങ്ങളും ബി.എസ്.പി സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്തു.പത്ത് രാജ്യസഭാ സീറ്റുകളിലേക്കാണ് യുപിയില്‍ ഇന്നു വോട്ടെടുപ്പ് നടക്കുന്നത്. അതേസമയം, ബി.ജെ.പി‌യിലെ ചില അംഗങ്ങൾ തങ്ങൾക്ക് അനുകൂലമായി വോട്ട് ചെയ്യുമെന്ന് സമാജാ‌വാദി പാർട്ടി നേതാക്കൾ അവകാശപ്പെടുന്നുണ്ട്.

രാജ്യസഭാ തിരഞ്ഞെടുപ്പിൽ യു.പിയിൽ നിന്നും വിജയിക്കാൻ വേണ്ടത് 37 എം.എൽ.എമാരുടെ പിന്തുണയാണ്. 403 നിയമസഭയിൽ 311 പേരുള്ള ബി.ജെ.പിയുടെ എട്ടുപേരുടെ വിജയം ഉറപ്പിച്ചിട്ടുണ്ട്. 26 എം.എൽ.എമാർ അധികമുള്ളതിനാൽ ഒൻപതാമത്തെ സ്ഥാനാർത്ഥിയെയും ബി.ജെ.പി ഇറക്കിയിട്ടുണ്ട്. 47 എം.എൽ.എമാരുള്ള എസ്.പി സ്വന്തം സ്ഥാനാർത്ഥിയായ ജയാബച്ചന്റെ വിജയം ഉറപ്പിച്ച ശേഷം ശേഷിക്കുന്ന പത്ത് പേരുടെ പിന്തുണ ബി.എസ്.പിയുടെ ബി.ആർ.അംബേദ്കറിന് നൽകുമെന്നാണ് വാഗ്‌ദ്ധാനം ചെയ്തിട്ടുള്ളത്. ബി.എസ്.പിക്ക് 19 എം.എൽ.എമാരാണുള്ളത്. അതേസമയം, എസ്.പിക്കുള്ളിലെ ഭിന്നത രൂക്ഷമായതിനാൽ എം.എൽ.എമാരുടെ വോട്ട് ഉറപ്പായിരുന്നില്ല. ഈ സാഹചര്യം മുതലെടുത്ത് ഒൻപതാമത്തെ സീറ്റും ഉറപ്പിക്കാനാണ് ബി.ജെ.പിയുടെ നീക്കം.

Top