അധികാരപ്രേമം രാജ്യത്തിന്റെ സുരക്ഷയ്ക്ക് അപകടം; കശ്മീര്‍ വിഷയത്തില്‍ രാഹുല്‍ ഗാന്ധി

Rahul Gandhi

ന്യൂഡല്‍ഹി: വലിയ പ്രശ്നങ്ങള്‍ ഒന്നും കൂടാതെ ഇന്നലെ രാജ്യസഭ കടന്ന ജമ്മു-കശ്മീര്‍ വിഭജന ബില്ലും പ്രത്യേക പദവി റദ്ദാക്കുന്നതിനുള്ള പ്രമേയവും ഇന്ന് ലോക്സഭയില്‍ അവതരിപ്പിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം പ്രതിഷേധത്തില്‍.

ജമ്മു-കശ്മീര്‍ വിഷയത്തില്‍ ഇതു വരെ പ്രതികരിക്കാതിരുന്ന രാഹുല്‍ ഗാന്ധി ആദ്യ പ്രതികരണം അറിയിച്ചിരിക്കുകയാണ്.

“ഏകപക്ഷീയമായി ജമ്മു കശ്മീരിനെ കീറിക്കളയുന്നത് രാജ്യത്തെ ഒന്നിപ്പിക്കില്ല. അവിടെ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ അറസ്റ്റ് ചെയ്യുകയും ജയിലിലിടുകയും ചെയ്യുന്നത് നമ്മുടെ ഭരണഘടനയുടെ തന്നെ ലംഘനമാണ്. ഈ രാജ്യം നിര്‍മ്മിച്ചിരിക്കുന്നത് ഇവിടുത്തെ ജനങ്ങളെക്കൊണ്ടാണ്. അല്ലാതെ വെറും ഭൂമികളുടെ ഖണ്ഡങ്ങള്‍ കൊണ്ടല്ല. അധികാരപ്രേമം ഈ രാജ്യത്തിന്റെ സുരക്ഷയില്‍ വലിയ അപകടമുണ്ടാക്കും”, രാഹുല്‍ ഗാന്ധി വ്യക്തമാക്കി.

ബില്ലിനെ ശക്തമായി എതിര്‍ത്തു കൊണ്ട് എന്താണ് കശ്മീരില്‍ നടക്കുന്നതെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കണമെന്ന ആവശ്യം കോണ്‍ഗ്രസ് ഉന്നയിച്ചിരുന്നു.

“ജമ്മു- കശ്മീര്‍ രാജ്യത്തിന്റെ അവിഭാജ്യ ഘടകമാണ്. പാക്ക് അധിനിവേശ കശ്മീരും ഇന്ത്യയുടെ ഭാഗം തന്നെയാണ്. ഈ മേഖലക്ക് വേണ്ടി ജീവന്‍ നല്‍കാനും തയ്യാറാണ്. ജമ്മു- കശ്മീര്‍ എന്നു പറയുമ്പോള്‍ പാക്ക് അധിനിവേശ കശ്മീരും ഉള്‍പ്പെടുന്നതാണ്. പാക്ക് അധിനിവേശ കശ്മീരും അക്‌സായ് ചൈനും ഉള്‍പ്പെടുന്നതാണ് ജമ്മു- കശ്മീരിന്റെ അതിര്‍ത്തിയെന്ന് ഭരണഘടനയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ കോണ്‍ഗ്രസിന്റെ പ്രതികരണം കശ്മീര്‍ ഇന്ത്യയുടെ ഭാഗമല്ലെന്ന നിലയിലാണ്”, അമിത് ഷാ പ്രതികരിച്ചു.

ബില്ല് കൊണ്ടു വന്നത് നിയമവിരുദ്ധമാണെന്നാണ് ലോക്സഭയിലെ കോണ്‍ഗ്രസിന്റെ കക്ഷിനേതാവ് അധിര്‍ രഞ്ജന്‍ ചൗധുരി ആരോപണം ഉന്നയിച്ചത്. എന്താണ് നിയമവിരുദ്ധമെന്ന് കൃത്യമായി ചൂണ്ടിക്കാട്ടണമെന്ന് സ്പീക്കര്‍ ഓംപ്രകാശ് ബിര്‍ള ആവശ്യപ്പെട്ടു.

ഇന്നലെ രാജ്യസഭക്ക് പിന്നാലെ ലോക്‌സഭയിലും ജമ്മു- കശ്മിര്‍ പ്രമേയവും വിഭജന ബില്ലും ആഭ്യന്തരമന്ത്രി അമിത്ഷാ അവതരിപ്പിച്ചിരുന്നു.

രാജ്യസഭയിലെന്ന പോലെ ലോക്‌സഭയിലും കോണ്‍ഗ്രസും മിക്ക പ്രതിപക്ഷ പാര്‍ട്ടികളും ബില്ലിനെ എതിര്‍ത്തു. എന്നാല്‍ കോണ്‍ഗ്രസില്‍ തന്നെ ഇക്കാര്യത്തില്‍ ഭിന്നാഭിപ്രായവും ശക്തമായിട്ടുണ്ട്. ബില്ലിനെ കണ്ണടച്ച് എതിര്‍ക്കുന്നത് ദോഷം ചെയ്യുമെന്ന നിലപാടിലാണ് ജനാര്‍ദ്ദന്‍ ത്രിവേദി ഉള്‍പ്പടെയുള്ള നേതാക്കള്‍.

കശ്മീരിന് പ്രത്യേക പദവി അനുവദിച്ചിരുന്ന ഭരണഘടനയുടെ 370-ാം വകുപ്പ് റദ്ദാക്കികൊണ്ടുള്ള സര്‍ക്കാര്‍ തീരുമാനത്തിന് രാഷ്ട്രപതി ഇതിനകം അംഗീകാരം നല്‍കിയിട്ടുണ്ട്. ജമ്മു-കശ്മീരിനെ ലഡാക്ക് എന്നും ജമ്മു- കശ്മീര്‍ എന്നുമായി വിഭജിച്ച് കേന്ദ്ര ഭരണ പ്രദേശങ്ങളാക്കുക എന്നതാണ് വിഭജന ബില്ലിലെ ശുപാര്‍ശ.

Top