മാര്‍ഷല്‍മാരുടെ യൂണിഫോമിനെതിരെ പ്രതിഷേധം; പുനഃപരിശോധിക്കുമെന്ന് രാജ്യസഭാധ്യക്ഷന്‍

ന്യൂഡല്‍ഹി: രാജ്യസഭയിലെ മാര്‍ഷല്‍മാരുടെ പുതിയ യൂണിഫോമിനെതിരെ പ്രതിഷേധം. പ്രതിഷേധം കടുത്തതോടെ മാറ്റം പുനഃപരിശോധിക്കുമെന്ന് ഉപരാഷ്ട്രപതിയും രാജ്യസഭാധ്യക്ഷനുമായ വെങ്കയ്യ നായിഡു അറിയിച്ചു.

തിങ്കളാഴ്ച ആരംഭിച്ച പാര്‍ലമെന്റിന്റെ ശീതകാലസമ്മേളനത്തില്‍ ഏറ്റവുമധികം വിമര്‍ശിക്കപ്പെട്ട വിഷയമായിരുന്നു മാര്‍ഷല്‍മാരുടെ വേഷവിധാനത്തില്‍ വരുത്തിയ മാറ്റം. പരമ്പരാഗത ഇന്ത്യന്‍ വേഷത്തില്‍ നിന്ന് സൈനിക ഉദ്യോഗസ്ഥരുടെ യൂണിഫോമിനോട് സാദൃശ്യമുള്ള തരത്തിലാണ് മാര്‍ഷല്‍മാരുടെ പുതിയ വേഷം.

മിലിട്ടറി സ്‌റ്റൈലിലുളള യൂണിഫോമും പീക്യാപ്പുമണിഞ്ഞാണ് കഴിഞ്ഞ ദിവസം മാര്‍ഷല്‍മാര്‍ രാജ്യസഭയില്‍ എത്തിയത്. നേവി ബ്ലൂ നിറമാണ് ഇപ്പോള്‍ യൂണിഫോമിന്. കൂടാതെ ബ്രിഗേഡിയര്‍ റാങ്ക് മുതല്‍ മുകളിലേക്കുള്ള സൈനിക ഉദ്യോഗസ്ഥരുടേതിനോട് സാമ്യതയുള്ള തൊപ്പിയും മാര്‍ഷല്‍മാരുടെ യൂണിഫോമിന്റെ ഭാഗമാണ്. ഇന്ത്യന്‍ ശൈലിയിലുളള ‘ബന്ദ്ഗലാ’ സ്യൂട്ടും തലപ്പാവുമായിരുന്നു നേരത്തെ മാര്‍ഷല്‍മാരുടേത്.

സൈനികരല്ലാത്തവര്‍ സൈനികോദ്യോഗസ്ഥരുടെ വേഷം അനുകരിക്കുന്നത് നിയമവിരുദ്ധവും സുരക്ഷാപ്രശ്നങ്ങള്‍ക്കിടയാക്കുന്നതുമാണെന്ന് മുന്‍ കരസേനാമേധാവി വി പി മാലിക് ഉള്‍പ്പെടെയുള്ള പ്രമുഖര്‍ പ്രതികരിച്ചിരുന്നു.

Top