അഹമ്മദാബാദ്: കോവിഡ് ബാധയെത്തുടർന്ന് ചികിത്സയിലായിരുന്ന ഗുജറാത്തിൽ നിന്നുള്ള രാജ്യസഭാ എംപി അഭയ് ഭരദ്വജ് അന്തരിച്ചു. ചെന്നൈയിൽ എംജിഎം ആശുപത്രിയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. കോവിഡ് ബാധിതനായി കഴിഞ്ഞ മൂന്ന് മാസമായി ചികിത്സയിലായിരുന്നു അദ്ദേഹം. പ്രമുഖ അഭിഭാഷകനായിരുന്ന അഭയ് ഭരദ്വജ് ഈ വർഷം ജൂണിലാണ് രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
ഓഗസ്റ്റിൽ പാർട്ടി യോഗങ്ങളിലും രാജ്കോട്ടിലെ റോഡ്ഷോയിലും പങ്കെടുത്ത ശേഷമാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. ഓഗസ്റ്റ് 31 ന് അഭയ് ഭരദ്വജിനും കുടുംബത്തിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. അഭയ് ഭരദ്വജിന്റെ മരണത്തിൽ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി.