ഡല്‍ഹി:ശ്രീരാമന്‍ തന്റെ ഹൃദയത്തിലാണെന്നും അത് കാണിക്കാന്‍ ഒരു പരിപാടിയിലും പങ്കെടുക്കേണ്ടതില്ലെന്നും രാജ്യസഭാ എം.പി കപില്‍ സിബല്‍. എന്റെ ഹൃദയത്തില്‍ രാമനുണ്ട്. അത് പുറത്തുകാണിച്ചുനടക്കേണ്ട ആവശ്യമില്ല. രാമന്‍ എന്റെ ഹൃദയത്തിലുണ്ടെങ്കില്‍, എന്റെ ഇതുവരെയുള്ള യാത്രയിലുടനീളം രാമനാണ് നയിച്ചതെങ്കില്‍ അതിനര്‍ഥം ഞാന്‍ എന്തെങ്കിലും ശരിയായി ചെയ്തു എന്നാണെന്നും അദ്ദേഹം വ്യക്തമാക്കി.
അയോധ്യയില്‍ ബാബരി മസ്ജിദ് തകര്‍ത്തയിടത്ത് നിര്‍മിക്കുന്ന രാമക്ഷേത്രത്തില്‍ ജനുവരി 22ന് നടക്കുന്ന പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ എന്ന ചോദ്യത്തിനായിരുന്നു സിബലിന്റെ മറുപടി. ബിജെപി രാമനെ കുറിച്ച് സംസാരിക്കുന്നു. പക്ഷേ അവരുടെ സ്വഭാവത്തിലോ പെരുമാറ്റത്തിലോ എവിടെയും രാമനുമായി ഒരു ബന്ധവുമില്ല.
സത്യസന്ധത, സഹിഷ്ണുത, ത്യാഗം, മറ്റുള്ളവരെ ബഹുമാനിക്കല്‍ തുടങ്ങിയവയാണ് രാമന്റെ പ്രത്യേകതകള്‍. എന്നാല്‍ അവര്‍ നേരെ വിപരീതമാണ് ചെയ്യുന്നത്. എന്നിട്ടും തങ്ങള്‍ രാമക്ഷേത്രം നിര്‍മിക്കുന്നു, രാമനെ പുകഴ്ത്തുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. സോണിയാഗാന്ധി, മന്‍മോഹന്‍ സിങ്, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ലോക്സഭാ കക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് രാമക്ഷേത്ര പ്രതിഷ്ഠാദിന ചടങ്ങിലേക്ക് ക്ഷണമുണ്ട്.