വനിതാ ദിനത്തിനത്തിനൊപ്പം പുരുഷദിനവും ആഘോഷിക്കണമെന്ന് ബിജെപി വനിത എംപി

ന്യൂഡല്‍ഹി: അന്താരാഷ്ട്ര വനിതാ ദിനത്തിനൊപ്പം പുരുഷദിനവും ആചരിക്കണമെന്ന് ബിജെപി വനിത എംപി സൊനാല്‍ മാന്‍സിങ്. രാജ്യസഭയിലായിരുന്നു അവര്‍ ഇക്കാര്യം ഉന്നയിച്ചത്. അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് രാജ്യസഭയില്‍ നടന്ന ചര്‍ച്ചയ്ക്കിടയാണ് എം.പിയുടെ പരാമര്‍ശം വന്നത്.

‘അന്താരാഷ്ട്ര പുരുഷ ദിനം കൂടി ആഘോഷിക്കണം എന്നാണ് എനിക്ക് പറയാനുള്ളത്.’ എംപി രാജ്യസഭയില്‍ പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ഭരതനാട്യം കലാകാരിയും ഒഡീസി നര്‍ത്തകിയുമാണ് സൊനാല്‍ മാന്‍സിങ്.

എല്ലാ വര്‍ഷവും മാര്‍ച്ച് എട്ടിനാണ് അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിക്കുന്നത്. കൂടാതെ ലോകത്തെ അറുപതോളം രാജ്യങ്ങളില്‍ എല്ലാ വര്‍ഷവും നവംബര്‍ 19ന് അന്താരാഷ്ട്ര പുരുഷദിനവും ആഘോഷിക്കുന്നുണ്ട്. അതേസമയം, വനിതകളുടെ സാമൂഹ്യ, സാമ്പത്തിക, സാംസ്‌കാരിക മേഖലയിലുള്ള നേട്ടങ്ങള്‍ ആഘോഷിക്കാനുള്ളതാണ് അന്താരാഷ്ട്ര വനിതാ ദിനമെന്ന് രാജ്യസഭാ ചെയര്‍മാന്‍ വ്യക്തമാക്കി. ലോകമെമ്പാടുമുള്ള സ്ത്രീകളുടെ ആത്മവിശ്വാസത്തെയും ധൈര്യത്തെയും അവര്‍ നടത്തുന്ന ശ്രമങ്ങളെയും ആദരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Top