രാജ്യസഭയില്‍ പ്രതിപക്ഷ ബഹളം : രണ്ടു മണിവരെ സഭാ നടപടികള്‍ നിര്‍ത്തിവെച്ചു

rajyasabha

ന്യൂഡല്‍ഹി: മുത്തലാഖ് വിരുദ്ധ ബില്‍ പരിഗണിക്കാനിരിക്കെ രാജ്യസഭയില്‍ പ്രതിപക്ഷ ബഹളം. ബഹളത്തെ തുടര്‍ന്ന് രണ്ടു മണിവരെ സഭാ നടപടികള്‍ നിര്‍ത്തിവച്ചു.

അതേസമയം, രാജ്യസഭയില്‍ അവതരിപ്പിക്കാനിരിക്കുന്ന മുത്തലാഖ് ബില്ലിനെ എതിര്‍ക്കാന്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ ധാരണയായിട്ടുണ്ട്.

ബില്ലിനെതിരേ ശക്തമായ പ്രതിഷേധമുയരുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസും ബിജെപിയും വിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.

രാജ്യസഭയുടെ അജണ്ടയില്‍ രണ്ടാമത്തെ ബില്ലായാണ് മുത്തലാഖ് ബില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പ്രതിപക്ഷത്തിന് മുന്‍തൂക്കമുള്ള രാജ്യസഭയില്‍ ബില്‍ പാസാക്കുക സര്‍ക്കാരിന് വെല്ലുവിളിയാണ്.

സഭയില്‍ ഹാജരാകാന്‍ കോണ്‍ഗ്രസും ബിജെപിയും അംഗങ്ങള്‍ക്ക് വിപ്പ് നല്‍കിയിട്ടുണ്ട്. 116 എംപിമാര്‍ ബില്ലിനെതിരെ വോട്ടു ചെയ്യാനാണ് സാധ്യത. നേരത്തെ 11 ന് എതിരെ 245 വോട്ടിന് ലോക്‌സഭ മുത്തലാഖ് ബില്ല് പാസാക്കിയിരുന്നു.

ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന പ്രതിപക്ഷത്തിന്റെ ഒറ്റക്കെട്ടായുള്ള ആവശ്യം വക വയ്ക്കാതെയാണ് സര്‍ക്കാര്‍ മുസ്ലിം വനിത വിവാഹ അവകാശ ബില്‍ ലോക്‌സഭയില്‍ പാസാക്കിയത്. പക്ഷെ രാജ്യസഭയില്‍ സര്‍ക്കാരിന് മതിയായ അംഗബലമില്ല. ബില്ല് പാസ്സാക്കാനനുവദിക്കില്ലെന്നാണ് കോണ്‍ഗ്രസ് നിലപാട്. 244 അംഗങ്ങളുള്ള രാജ്യസഭയില്‍ 115 അംഗങ്ങളുടെ പിന്തുണയാണ് കോണ്‍ഗ്രസ് അവകാശപ്പെടുന്നത്.

Top