ന്യൂഡല്‍ഹി: രാജ്യസഭാ ഉപാധ്യക്ഷ തിരഞ്ഞെടുപ്പ് സംബന്ധിച്ചുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം ഇന്ന് ചേരും. നിര്‍ണായകമായ രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനത്തേക്ക് എന്‍ഡിഎ ഇതര സ്ഥാനാര്‍ത്ഥിയെ വിജയിപ്പിച്ചെടുക്കാനാണ് കോണ്‍ഗ്രസ് നീക്കം.
പ്രാദേശിക പാര്‍ട്ടികള്‍ക്കായി ഉപാധ്യക്ഷ സ്ഥാനം വിട്ടുനല്‍കാന്‍ തയ്യാറാണെന്ന സൂചന നേരത്തെ കോണ്‍ഗ്രസ് നേതൃത്വം നല്കിയിരുന്നു. ഇന്ന് ചേരുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ ഇക്കാര്യമാണ് പ്രധാന ചര്‍ച്ചാ വിഷയമാവുക.
അതേസമയം രാജ്യസഭയിലെ ഒഴിവുള്ള നാല് സീറ്റുകളിലേക്ക് കഴിഞ്ഞ ദിവസം രാഷ്ട്രപതിയുടെ നോമിനികളെ പ്രഖ്യാപിച്ച സര്‍ക്കാര്‍, നില ഭദ്രമാക്കാനുള്ള നീക്കം ശക്തമാക്കി.
നിലവില്‍ ഇടതുപക്ഷം ഉള്‍പ്പടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് രാജ്യസഭയില്‍ ആകെ 117 അംഗങ്ങളാണുള്ളത്. ഉപാധ്യക്ഷനെ വിജയിപ്പിച്ചെടുക്കാന്‍ 123 സീറ്റ് വേണമെന്നിരിക്കെ പ്രതിപക്ഷ നിരയിലെ ബിജു ജനതാദള്‍, ടി.ആര്‍.എസ്, വൈ.എസ്.ആര്‍ കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികള്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല.
എന്‍ സി പിയും തൃണമൂല്‍ കോണ്‍ഗ്രസുമാണ് ഉപാധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നതില്‍ കോണ്‍ഗ്രസിന്റെ മുന്‍ നിരയിലുള്ളത്. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങളെ കുറിച്ചും ഇന്നത്തെ ചര്‍ച്ചയില്‍ ഉയര്‍ന്നു വരും.