ന്യൂഡല്‍ഹി: സി.ബി.ഐയ്ക്കുള്ളില്‍ ചേരിപ്പോര് വീണ്ടും രൂക്ഷം. സ്‌പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയ്‌ക്കെതിരെ കൈക്കൂലി ആരോപണത്തില്‍ കേസെടുത്തത് ചേരിപ്പോര് രൂക്ഷമാകാന്‍ കാരണമായി.
സി.ബി.ഐ ഡയറക്ടര്‍ അലോക് വെര്‍മ്മയ്ക്കുശേഷം ഏജന്‍സിയിലെ ഏറ്റവും മുതിര്‍ന്ന ഉദ്യോഗസ്ഥനാണ് അസ്താന. അഞ്ച് മാസം മുമ്പ് വെര്‍മ്മയെ സി.ബി.ഐ തലപ്പത്ത് വരുന്നതിന് മുമ്പ് അസ്താനയായിരുന്നു ഈ ചുമതല വഹിച്ചിരുന്നത്.
വ്യവസായി മൊയിന്‍ ഖുറേഷി ഉള്‍പ്പെട്ട കള്ളപ്പണക്കേസുമായി ബന്ധപ്പെട്ട് രാകേഷ് അസ്താന രണ്ടുകോടി രൂപ കൈക്കൂലി വാങ്ങിയെന്നാണ് ആരോപണം. ഒക്ടോബര്‍ 15നാണ് അസ്താനയ്‌ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.
കേസില്‍ നിന്നും രക്ഷപ്പെടുത്തുമെന്ന് വാക്കുപറഞ്ഞ് കൈക്കൂലി വാങ്ങിയതായി വ്യവസായി സതീഷ് സന മജിസ്‌ട്രേറ്റിനു മുമ്പില്‍ വെളിപ്പെടുത്തിയിരുന്നു. അഞ്ചുകോടി കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് സതീഷ് സനയുടെ മൊഴി. ഇതേ തുടര്‍ന്നാണ് അസ്താനയ്‌ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.
ദുബായി കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കറായ മനോജ് പ്രസാദ് ഇതില്‍ ഇടനിലക്കാരനായി നിന്നിരുന്നു. ഇയാളെ ഒക്ടോബര്‍ 16ന് അറസ്റ്റു ചെയ്തു.
അസ്താനയും ഇന്റലിജന്‍സിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനും തമ്മിലുള്ള 9 ഫോണ്‍ കോളുകള്‍ പരിശോധിച്ചെന്ന് സിബിഐ പറഞ്ഞു. മനോജ് പ്രസാദിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട വിശദാംശങ്ങളായിരുന്നു ഇവര്‍ സംസാരിച്ചത്.
കൈക്കൂലി വിഷയവുമായി ബന്ധപ്പെട്ട് സതീഷ്‌സനയും അസ്താനയും തമ്മില്‍ നേരിട്ടു കണ്ടതായി അദ്ദേഹം എവിടെയും പറഞ്ഞിട്ടില്ല. എന്നാല്‍ അസ്താനയ്ക്ക് രണ്ടുകോടി കൈക്കൂലി നല്‍കിയതായി സതീഷ് സന മജിസ്‌ട്രേറ്റിനു മൊഴി നല്‍കിയിട്ടുണ്ടെന്നാണ് സി.ബി.ഐ പറയുന്നത്.
അസ്താന അഴിമതി നടത്തുകയും ക്രിമിനല്‍ ഗൂഢാലോചന നടത്തുകയും ചെയ്തതായി പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് നടപടിയെന്നാണ് സി.ബി.ഐ വിശദീകരണം.