ന്യൂഡല്‍ഹി: സിബിഐയില്‍ നിന്ന് മാറ്റിയതിന് പിന്നാലെ മുന്‍ സിബിഐ സ്‌പെഷ്യല്‍ ഡയറക്ടറായിരുന്ന രാകേഷ് അസ്താനയെ വ്യോമയാന സുരക്ഷാ വിഭാഗം (ബിസിഎഎസ്) ഡയറക്ടര്‍ ജനറലായി നിയമിച്ചു. വെള്ളിയാഴ്ച അസ്താനയെ സിബിഐയില്‍ നിന്ന് മാറ്റിയിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ പദവിയിലേക്ക് അസ്താനയെ നിയമിക്കുന്നത്.
കാബിനറ്റ് സെലക്ഷന്‍ കമ്മിറ്റിയുടെതാണ് തീരുമാനം. മുന്‍ സിബിഐ ഡയറക്ടര്‍ അലോക് വര്‍മ്മയുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് രാകേഷ് അസ്താനയെ കേന്ദ്ര സര്‍ക്കാര്‍ ചുമതലകളില്‍ നിന്ന് മാറ്റിയിരുന്നു. ഇതിനെതിരെ രാകേഷ് അസ്താന ഹര്‍ജി നല്‍കിയിരുന്നെങ്കിലും ഡല്‍ഹി ഹൈക്കോടതി തള്ളി. കൂടാതെ അസ്താനക്കെതിരെയുള്ള പരാതിയില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ കോടതി സിബിഐയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
അസ്താന ഉള്‍പ്പടെ നാല് ഉദ്യോഗസ്ഥരെയാണ് സിബിഐയില്‍ നിന്ന് മാറ്റിയത്. ഇവരുടെ കാലാവധി വെട്ടിക്കുറച്ചുകൊണ്ട് കാബിനറ്റ് സെലക്ഷന്‍ സമിതി നേരത്തെ ഉത്തരവിറക്കിയിരുന്നു. കൈക്കൂലി കേസില്‍ രാകേഷ് അസ്താനയ്‌ക്കെതിരെ തെളിവുകള്‍ ഉണ്ടെന്ന് സിബിഐ നേരത്തെ വ്യക്തമാക്കിയിരുന്നു. എഫ്‌ഐആര്‍ റദ്ദാക്കാനാവില്ലെന്ന് സിബിഐ ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചിരുന്നു. അസ്താനയ്‌ക്കെതിരെ പരാതി നല്‍കിയ സതീഷ് സനയ്ക്ക് പൊലീസ് സംരക്ഷണം നല്‍കാന്‍ കോടതി ഉത്തരവും ഇട്ടിരുന്നു.