ന്യൂഡല്‍ഹി: അഴിമതിക്കേസില്‍ ആരോപിതനായ സിബിഐ സ്‌പെഷല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയുടെ അറസ്റ്റിനു കോടതി വിലക്ക്. തിങ്കളാഴ്ച വരെ അറസ്റ്റ് പാടില്ലെന്നും ഇലക്ട്രോണിക് ഉപകരണങ്ങള്‍ പിടിച്ചെടുക്കരുതെന്നും ഡല്‍ഹി ഹൈക്കോടതി ജഡ്ജി നജ്മി വസീറി സിബിഐയോടു നിര്‍ദേശിച്ചു. അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ട് അസ്താന നല്‍കിയ ഹര്‍ജിയിലാണു ഉത്തരവ്.തന്റെ പേരിലുള്ള കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം അറസ്റ്റിലായ സിബിഐ ഉദ്യോഗസ്ഥന്‍ ദേവേന്ദര്‍ കുമാര്‍ കോടതിയെ സമീപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അസ്താനയും ഹര്‍ജി നല്‍കിയത്.
ഈ മാസം 29ന് ഉച്ചകഴിഞ്ഞ് രണ്ടു മണിവരെ അറസ്റ്റ് പാടില്ലെന്നാണ് നിര്‍ദേശം. ഹര്‍ജി വീണ്ടും അന്നാണ് പരിഗണിക്കുക. അസ്താനയ്ക്കെതിരായ പ്രാഥമ വിവര റിപ്പോര്‍ട്ട് തിരുത്താന്‍ സാവകാശം തേടിയ സി.ബി.ഐയോട് തത്സ്ഥിതി തുടരണമെന്ന നിര്‍ദേശവും ഹൈക്കോടതി നല്‍കി.സി.ബി.ഐയുടെ രണ്ടാമത്തെ കമാന്‍ഡര്‍ ആയ അസ്താനയുമായി ബന്ധപ്പെട്ടുയര്‍ന്ന കൈക്കൂലി ആരോപണത്തില്‍ ഡി.എസ്.പി ദേവേന്ദര്‍ കുമാറിനെ ഇന്റലിജന്‍സ് ഏജന്‍സി ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ദേവേന്ദ്ര കുമാറിനെ ഡല്‍ഹി പട്യാല ഹൗസ് കോടതി ഏഴു ദിവസത്തേക്ക് സി.ബി.ഐയുടെ കസ്റ്റഡിയില്‍ വിട്ടു. പത്തു ദിവസത്തെ കസ്റ്റഡിയാണ് സി.ബി.ഐ ചോദിച്ചിരുന്നത്.മാംസ വ്യാപാരിയായ മോയിന്‍ ഖുറേഷി ഉള്‍പ്പെട്ട കള്ളപ്പണകേസില്‍ പേര് ഉള്‍പ്പെടുത്താതിരിക്കാന്‍ ഒരു വ്യവസായിയോട് ഇടനിലക്കാരന്‍ വഴി അഞ്ചു കോടി രൂപ ആവശ്യപ്പെട്ടു എന്നാണ് അസ്താനയ്ക്കെതിരായ കേസ്.