നിയമസഭ തെരഞ്ഞെടുപ്പില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയെയും പിന്തുണക്കില്ലെന്ന് രാകേഷ് ടിക്കായത്ത്

പ്രയാഗ് രാജ്: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയെയും പിന്തുണക്കില്ലെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത്ത്. കര്‍ഷകരുടെ ചിന്തന്‍ ശിവിറില്‍ പങ്കെടുക്കവെ രാകേഷ് ടിക്കായത്ത് മാധ്യമങ്ങളോടാണ് നിലപാട് വ്യക്തമാക്കിയത്. മൂന്ന് ദിവസത്തെ യോഗത്തില്‍ കര്‍ഷകരുമായും സംഘടനയുമായും ബന്ധപ്പെട്ട കാര്യങ്ങളാണ് ചര്‍ച്ച ചെയ്തതെന്നും രാകേഷ് ടിക്കായത്ത് വ്യക്തമാക്കി.

രാജ്യവ്യാപകമായി നടന്ന കര്‍ഷക പ്രക്ഷോഭത്തെ തുടര്‍ന്ന് സമിതി രൂപീകരിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍, ഇതുവരെ സമിതി രൂപീകരിച്ചിട്ടില്ല. ലഖിംപൂര്‍ ഖേരി സംഭവത്തില്‍ നിരവധി കര്‍ഷകരെ ജയിലില്‍ അടച്ചു. ആഭ്യന്തര സഹമന്ത്രി അജയ് കുമാര്‍ മിശ്ര ഇപ്പോഴും പദവിയില്‍ തുടരുകയാണ്. ഇത് വലിയ പ്രശ്‌നമാണെന്നും രാകേഷ് ടിക്കായത്ത് വ്യക്തമാക്കി. കര്‍ഷകരുടെ ധാന്യങ്ങള്‍ സംഭരിക്കുന്നതിലെ പ്രശ്‌നങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുകയാണെന്നും ടിക്കായത്ത് ചൂണ്ടിക്കാട്ടി.

ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ ലോക്ദള്‍സമാജ് വാദി പാര്‍ട്ടി സഖ്യത്തിന് പിന്തുണ നല്‍കണമെന്ന് ബി.കെ.യു അധ്യക്ഷന്‍ നരേഷ് ടിക്കായത്ത് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ബി.ജെ.പി നേതാവ് സഞ്ജീവ് ബല്യാനുമായുള്ള കൂടിക്കാഴ്ചക്ക് പിന്നാലെ പ്രസ്താവന പിന്‍വലിച്ച നരേഷ് ടിക്കായത്ത്, താന്‍ ആരെയും പിന്തുണക്കുന്നില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് നിലപാട് വ്യക്തമാക്കി രാകേഷ് ടിക്കായത്ത് രംഗത്തെത്തിയത്.

 

Top