കേന്ദ്രം വ്യക്തമായ അജണ്ട നല്‍കിയാന്‍ ചര്‍ച്ചയ്ക്ക് തയ്യാറെന്ന് രാകേഷ് ടിക്കായത്ത്

ന്യൂഡല്‍ഹി: കാര്‍ഷിക നിയമവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമായ അജണ്ട നല്‍കിയാല്‍ ചര്‍ച്ചയ്ക്ക് തയ്യാറെന്ന് കര്‍ഷക സമര നേതാവ് രാകേഷ് ടിക്കായത്ത്. നിലവില്‍ ജന്തര്‍ മന്തറില്‍ ഇരുന്ന് പ്രതിഷേധിക്കാനാണ് തീരുമാനമെന്നും രാകേഷ് ടിക്കായത്ത് പറഞ്ഞു. ജന്തര്‍ മന്ദറിലെ സമരത്തില്‍ ഓരോ ദിവസവും 200 കര്‍ഷകര്‍ വീതമാണ് പങ്കെടുക്കുക.

സമ്മേളനം അവസാനിക്കുന്ന അടുത്ത മാസം 13 വരെ ജന്തര്‍ മന്ദറില്‍ പ്രതിഷേധം നടത്തും. സിംഘു, തിക്രി, ഗാസിപ്പൂര്‍ എന്നീ സമരകേന്ദ്രങ്ങളില്‍ നിന്ന് ബസുകളില്‍ എത്തുന്ന കര്‍ഷകര്‍ വൈകീട്ട് അഞ്ചു മണി വരെയാണ് ധര്‍ണ നടത്തുക. രാത്രി കര്‍ഷകര്‍ അതിര്‍ത്തികളിലെ സമരവേദികളിലേക്ക് മടങ്ങും.

സമരത്തില്‍ പങ്കെടുക്കുന്നവരുടെ പേര് വിവരങ്ങളും തിരിച്ചറിയല്‍ രേഖയും ഓരോ ദിവസവും മുന്‍കൂട്ടി പൊലീസിന് നല്‍കും. സമരത്തോട് അനുബന്ധിച്ച് കനത്ത സുരക്ഷയാണ് ദില്ലിയിലുള്ളത്. സുരക്ഷയുടെ ഭാഗമായി സമരവേദിയില്‍ കൂടുതല്‍ സിസിടിവികള്‍ സ്ഥാപിച്ചു.

 

Top