ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങളോട് പ്രതിഷേധം രേഖപ്പെടുത്തി കര്‍ഷക- തൊഴിലാളി സംഘടനകളുടെ മഹാ പാര്‍ലമെന്റ് മാര്‍ച്ച് പുരോഗമിക്കുന്നു. രാജ്യത്ത് നല്ല ദിനങ്ങള്‍ വരണമെങ്കില്‍ മോദി സര്‍ക്കാരിനെ രാജ്യത്ത് നിന്ന് തൂത്തെറിയണമെന്ന് സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. രാംലീല മൈതാനിയില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് പാര്‍ലമെന്റ് സ്ട്രീറ്റില്‍ വമ്പിച്ച പൊതുയോഗത്തിലാണ് സമാപിച്ചത്.
‘ഒന്നുകില്‍ നയംമാറ്റം അല്ലെങ്കില്‍ സര്‍ക്കാര്‍ മാറ്റം’ എന്ന മുദ്രാവാക്യം ഉയര്‍ത്തിയുള്ള കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് റാലിയുടെ ഭാഗമാകുന്നതിനായി കനത്ത മഴയെയും പ്രതികൂല കാലാവസ്ഥയെയും അവഗണിച്ച് പതിനായിരങ്ങളാണ് ഡല്‍ഹിയിലേക്ക് ഇന്നലെ എത്തിച്ചേര്‍ന്നത്. മൂന്നു ലക്ഷത്തോളം പേരാണ് റാലിയില്‍ അണിനിരന്നത്.
മഹാരാഷ്ട്രയില്‍ നടത്തിയ ലോങ് മാര്‍ച്ചിന്റെ പ്രചോദനം ഉള്‍ക്കൊണ്ടാണ് ഇന്നത്തെ മാര്‍ച്ചും സംഘടിപ്പിച്ചത്. കോര്‍പറേറ്റുകള്‍ക്ക് മുന്‍പില്‍ അടിയറവ് പറഞ്ഞ മോദി സര്‍ക്കാരിന് കനത്ത തിരിച്ചടി നല്‍കുമെന്ന് അഖിലേന്ത്യ കിസാന്‍ സഭ നേതാവ് വിജു കൃഷ്ണന്‍ പറഞ്ഞു.
കിസാന്‍ സഭയും സിഐടിയുവും കര്‍ഷക തൊഴിലാളി യൂണിയനും യോജിച്ചാണ് റാലി സംഘടിപ്പിച്ചത്. ബാങ്കിങ്, ഇന്‍ഷുറന്‍സ്, കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍, സ്‌കൂള്‍ അധ്യാപകര്‍, തപാല്‍ ടെലികോം ജീവനക്കാര്‍ തുടങ്ങി വിവിധ വിഭാഗങ്ങളും റാലിക്ക് പിന്തുണയുമായി എത്തി.
വിലക്കയറ്റം തടയുക, പൊതുവിതരണം സാര്‍വത്രികമാക്കുക, മാന്യമായ തൊഴില്‍സാഹചര്യം ഉറപ്പാക്കുക, ചുരുങ്ങിയ വേതനം 18,000 രൂപയാക്കുക, തൊഴിലാളിവിരുദ്ധ തൊഴില്‍ നിയമഭേദഗതികള്‍ ഉപേക്ഷിക്കുക, കര്‍ഷകര്‍ക്ക് സ്വാമിനാഥന്‍ കമ്മീഷന്‍ ശുപാര്‍ശകളനുസരിച്ചുള്ള ന്യായവില ഉറപ്പാക്കുക, ധാന്യസംഭരണം കൃത്യസമയത്ത് നടത്തുക, ദരിദ്ര കര്‍ഷകരുടെയും കര്‍ഷകത്തൊഴിലാളികളുടെയും കടങ്ങള്‍ എഴുതിത്തള്ളുക, കര്‍ഷകത്തൊഴിലാളികള്‍ക്കായി സമഗ്ര കേന്ദ്ര നിയമം പാസാക്കുക, തൊഴിലുറപ്പു പദ്ധതി എല്ലാ ഗ്രാമങ്ങളിലും നടപ്പാക്കുക, അത് പട്ടണങ്ങളിലേക്കും വ്യാപിപ്പിക്കുക, ഭക്ഷ്യസുരക്ഷ ഉറപ്പാക്കുക, എല്ലാവര്‍ക്കും ആരോഗ്യം, വിദ്യാഭ്യാസം, പാര്‍പ്പിടം ഉറപ്പുവരുത്തുക, നവലിബറല്‍ നയങ്ങള്‍ ഉപേക്ഷിക്കുക തുടങ്ങിയവയാണ് റാലി മുന്നോട്ട് വെയ്ക്കുന്ന പ്രധാന ആവശ്യങ്ങള്‍.