ഉത്തരാഖണ്ഡ്: യോഗാ ഗുരു ബാബ രാംദേവിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയുടെ ലാഭത്തില്‍ നിന്ന് ഒരു വിഹിതം കര്‍ഷകര്‍ക്ക് നല്‍കണമെന്ന് ഉത്തരാഖണ്ഡ് ഹൈക്കോടതി ഉത്തരവ്. രാംദേവിന്റെ ഉടമസ്ഥതയിലുള്ള ദിവ്യ ഫാര്‍മസിക്കെതിരെയാണ് കോടതി നടപടിയെടുത്തത്.
ദിവ്യ ഫാര്‍മസിയില്‍ മരുന്നുകള്‍ ഉല്‍പാദിപ്പിക്കുന്നതിന് ആവശ്യമായ അസംസ്‌കൃതവസ്തുക്കള്‍ ശേഖരിച്ച് നല്‍കുന്നത് കര്‍ഷകരാണ്. അതുകൊണ്ട് കമ്പനിയുടെ ആകെ ലാഭത്തിന്റെ ഒരു വിഹിതം കര്‍ഷകര്‍ക്ക് വീതിച്ച് നല്‍കണമെന്നാണ് കോടതി ഉത്തരവിട്ടത്. 2002 ലെ ജൈവ വൈവിധ്യ ആക്ട് പ്രകാരം ആനുകൂല്യങ്ങള്‍ പങ്കുവയ്ക്കുന്നത് സംബന്ധിച്ചുള്ള വകുപ്പുകള്‍ ഉയര്‍ത്തി കാട്ടിയായിരുന്നു കോടതിയുടെ ഉത്തരവ്.
കോടതി ഉത്തരവ് പ്രകാരം കമ്പനിയുടെ 421 കോടി ലാഭത്തില്‍ നിന്ന് 2 കോടി രൂപ അസംസ്‌കൃത വസ്തുക്കള്‍ ശേഖരിച്ച് നല്‍കുന്ന കര്‍ഷകര്‍ക്ക് നല്‍കണം. ആയുര്‍വേദ, പോഷകാഹാര ഉല്‍പന്നങ്ങളുടെ നിര്‍മ്മാണത്തിലെ പ്രധാന ചേരുവകളും അസംസ്‌കൃത വസ്തുക്കളും ജൈവ ഉറവിടങ്ങള്‍ തന്നെയാണെന്ന് കോടതി ചൂണ്ടിക്കാണിച്ചു.