സംവിധായകനും നിർമാതാവുമായ രാം ഗോപാൽ വർമ പണം വാങ്ങി വഞ്ചിച്ചെന്ന് പരാതി. സിനിമ നിർമിക്കാമെന്ന് വാഗ്ദാനം നൽകി 56 ലക്ഷം രൂപ വഞ്ചിച്ചു എന്നാണ് പരാതി. പരാതിയിൽ രാം ഗോപാൽ വർമക്കെതിരെ ഹൈദരാബാദിലെ മിയാപൂർ പൊലീസ് സ്റ്റേഷൻ കേസെടുത്തു.
2020ൽ ദിഷ എന്ന തെലുങ്ക് സിനിമ നിർമിക്കാമെന്ന് വാഗ്ദാനം നൽകി പണം വാങ്ങിയ രാം ഗോപാൽ വർമ ചതിക്കുകയായിരുന്നു എന്നാണ് പരാതി. 2019ൽ ഒരു സുഹൃത്തിലൂടെയാണ് താൻ രാം ഗോപാൽ വർമയെ പരിചയപ്പെട്ടത്. ജനുവരി ആദ്യ ആഴ്ച സിനിമാ നിർമാണത്തിനായി 8 ലക്ഷം രൂപ തന്നിൽ നിന്ന് അദ്ദേഹം വാങ്ങി. 2020 ജനുവരി 22ന് രാം ഗോപാൽ വർമ വീണ്ടും 20 ലക്ഷം രൂപ വാങ്ങി. 6 മാസത്തിനുള്ളിൽ പണം തിരികെ നൽകാമെന്ന് അദ്ദേഹം വാഗ്ദാനം നൽകിയിരുന്നു. 2020 ഫെബ്രുവരിയിലെ രണ്ടാം ആഴ്ചയിൽ സാമ്പത്തിക ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടി വീണ്ടും 28 ലക്ഷം രൂപ കൂടി രാം ഗോപാൽ വർമ വാങ്ങി. ദിഷ റിലീസിനു മുൻപ് മുഴുവൻ തുകയായ 56 ലക്ഷം രൂപ നൽകാമെന്ന് അദ്ദേഹം വാക്ക് നൽകി. എന്നാൽ, 2021 ജനുവരിയിൽ ദിഷയുടെ നിർമാതാവ് രാം ഗോപാൽ വർമയല്ലെന്ന് പരാതിക്കാരൻ മനസ്സിലാക്കി.