ന്യൂഡല്‍ഹി: ബാബ്‌റി മസ്ജിദ് നിന്നിരുന്ന ഭൂമിയുടെ ഉടമാവകാശം സംബന്ധിച്ച തര്‍ക്കത്തില്‍ സുപ്രീംകോടതിയില്‍ അന്തിമ വാദം കേള്‍ക്കുന്നത് ഫെബ്രുവരി 8ലേക്ക് മാറ്റി.
കേസ് 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പിന് ശേഷം പരിഗണിക്കണമെന്ന സുന്നി വഖഫ് ബോര്‍ഡിന്റെ ആവശ്യം കോടതി തള്ളി.
ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, എസ്. അബ്ദുല്‍നാസര്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് വാദം കേട്ടത്.
സുന്നി വഖഫ് ബോര്‍ഡ്, നിര്‍മോഹി അഖാഡ, രാംലാല വിരാജ്മാന്‍ എന്നിവക്ക് 2.77 ഏക്കര്‍ വരുന്ന ഭൂമി തുല്യമായി പങ്കിട്ടു നല്‍കണമെന്ന അലഹബാദ് ഹൈക്കോടതി വിധിക്കെതിരായ അപ്പീലുകളാണ് സുപ്രീംകോടതി ഇന്ന് പരിഗണിച്ചത്.
ഹര്‍ജികളില്‍ എത്രയും വേഗം വാദം കേള്‍ക്കുമെന്ന് കഴിഞ്ഞ ജൂലൈ 21ന് മുന്‍ ചീഫ് ജസ്റ്റിസ് ജെ.എസ്. ഖെഹാറിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് വ്യക്തമാക്കിയിരുന്നു.
ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടിട്ട് കാല്‍ നൂറ്റാണ്ട് തികയുന്നതിനൊപ്പമാണ് കേസില്‍ അന്തിമവാദം സുപ്രീംകോടതിയില്‍ തുടങ്ങിയത്.
1992 ഡിസംബര്‍ ആറിനാണ് അയോധ്യയിലെ ബാബറി മസ്ജിദ് കര്‍സേവകര്‍ തകര്‍ക്കുന്നത്. പളളി നില്‍ക്കുന്ന സ്ഥലം രാമജന്മ ഭൂമിയാണെന്നും അവിടെ രാമക്ഷേത്രം നിര്‍മിക്കുമെന്നും പ്രഖ്യാപിച്ചാണ് മസ്ജിദ് പൊളിച്ചത്.
2010ല്‍ അലഹാബാദ് ഹൈക്കോടതി രാംലാല, നിര്‍മോഹി അഖാരക്കും സുന്നി വഖഫ് ബോര്‍ഡിനും ഭൂമി തുല്യമായി വീതിച്ച് നല്‍കിയതോടെ രാമജന്മ ഭൂമിയുടെ അവകാശ തര്‍ക്കം സുപ്രീംകോടതിയിലെത്തുന്നത്.
വിവാദ രാമജന്മഭൂമിക്ക് സമീപത്ത് മുസ്ലീം ഭൂരിപക്ഷ പ്രദേശത്തായി പള്ളി നിര്‍മിക്കാമെന്ന് നിലപാടാണ് ശിയ വഖഫ് ബോര്‍ഡ് സുപ്രീംകോടതിയെ അറിയിച്ചിട്ടുള്ളത്.
കോടതിക്ക് പുറത്ത് കേസ് ഒത്തു തീര്‍ക്കാന്‍ ഇരുകൂട്ടരും നടപടി സ്വീകരിക്കണമെന്ന് 2017 മാര്‍ച്ചില്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ജെ.എസ് ഖെഹാര്‍ നിര്‍ദേശിച്ചിരുന്നു.
എന്നാല്‍, ചര്‍ച്ചകളൊന്നും നടന്നില്ല. തുടര്‍ന്ന് കേസ് നീണ്ടു പോകുന്ന സാഹചര്യം ഒഴിവാക്കി പെട്ടെന്ന് വാദം കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി എം.പി സുബ്രഹ്മണ്യം സ്വാമി സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.
ബാബ്‌റി മസ്ജിദ് പൊളിക്കുവാന്‍ ക്രിമിനല്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ എല്‍.കെ. അദ്വാനി അടക്കം 13 പേര്‍ക്കെതിരെ കേസില്‍ കോടതി നടപടികള്‍ പുരോഗമിക്കുകയാണ്.
മുരളി മനോഹര്‍ ജോഷി, കല്യാണ്‍ സിങ്, ഉമാ ഭാരതി, വിനയ് കത്യാര്‍ അശോക് സിംഗാള്‍, സാധ്വി ഋതംബര, വി.എച്ച് ദാല്‍മിയ, മഹന്ത് അവൈദ്യനാഥ്, ഗിരിരാജ് കിഷോര്‍, ആര്‍.വി. വേദാന്തി, പരമ ഹംസ് രാംചന്ദ്ര ദാസ്, ജഗദീഷ് മുനി മഹാരാജ്, ബി.എല്‍ ശര്‍മ, നൃത്യഗോപാല്‍ ദാസ്, ധരം ദാസ് എന്നിവരടക്കമുള്ള ബി.ജെ.പി, വി.എച്ച്.പി നേതാക്കളും കേസിലെ പ്രധാന പ്രതികളാണ്.
മരണപ്പെട്ടതിനെ തുടര്‍ന്ന് ശിവസേന നേതാവ് ബാല്‍ താക്കറയെ ഗൂഢാലോചന കേസ് പ്രതിസ്ഥാനത്ത് നിന്ന് കോടതി ഒഴിവാക്കിയിരുന്നു.