ന്യൂഡല്‍ഹി: കേന്ദ്രധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിക്കെതിരെ മോശം പദപ്രയോഗങ്ങള്‍ നടത്താന്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ തന്നോട് നിര്‍ദേശിച്ചതായി മുതിര്‍ന്ന അഭിഭാഷകന്‍ രാം ജഠ്മലാനി.
വക്കാലത്ത് ഒഴിവാകുകയാണെന്ന് ചൂണ്ടിക്കാണിച്ച് കഴിഞ്ഞ 20 ന് കേജരിവാളിന് അയച്ച കത്തില്‍ കടുത്ത വിമര്‍ശനമാണ് ജഠ്മലാനി ഉപയോഗിച്ചിരിക്കുന്നത്. ജയ്റ്റിലെക്കെതിരായ അപകീര്‍ത്തികരമായ പരാമര്‍ശം അഭിഭാഷകന്റേതു മാത്രമാണെന്ന് കേജരിവാള്‍ കോടതിയില്‍ പറഞ്ഞപ്പോള്‍ സ്തംബ്ദനായെന്നും അദ്ദേഹം പറയുന്നു.
കേന്ദ്രമന്ത്രിക്കെതിരായി മോശം പദം ഉപയോഗിക്കണമെന്ന് കേജരിവാള്‍ നൂറുതവണയെങ്കിലും ആവശ്യപ്പെട്ടിരുന്നതായും ജഠ്മലാനി പറഞ്ഞു.
ജയ്റ്റ്‌ലി നല്‍കിയ മാനനഷ്ടക്കേസില്‍ കേജരിവാളിന്റെ വക്കാലത്ത് ജഠ്മലാനി കഴിഞ്ഞ ദിവസം ഒഴിഞ്ഞിരുന്നു. അഭിഭാഷക ഫീസ് വേണ്ടെന്നുവച്ചാണ് ജഠ്മലാനിയുടെ പിന്‍മാറ്റം. ഫീസ് ഇനത്തില്‍ രണ്ടു കോടി രൂപയാണ് ജഠ്മലാനിക്ക് കേജരിവാള്‍ നല്‍കാനുള്ളത്.
വിസ്താരത്തിനിടെ ജയ്റ്റ്‌ലിയെ ജഠ്മലാനി കുബുദ്ധിയെന്ന് എന്നു വിളിച്ചിരുന്നു. ഇത്തരമൊരു പരാമര്‍ശം കേജ്‌രിവാളിന്റെ നിര്‍ദേശപ്രകാരമാണെന്നായിരുന്നു ജഠ്മലാനി കോടതിയില്‍ അവകാശപ്പെട്ടിരുന്നത്. എന്നാല്‍ കേജരിവാള്‍ ഇത് നിഷേധിക്കുകയും താന്‍ ഇത്തരമൊരു കാര്യം പറഞ്ഞിട്ടില്ലെന്നും നിലപാടെടുത്തു. ഇതില്‍ പ്രതിഷേധിച്ചാണ് ജഠ്മലാനി വക്കാലത്ത് ഒഴിഞ്ഞത്.
കുബുദ്ധി വിളിയില്‍ കേജരിവാളിനെതിരേ ജയ്റ്റ്‌ലി വീണ്ടും മാനനഷ്ടക്കേസ് ഫയല്‍ ചെയ്തിരുന്നു. അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്നാരോപിച്ച് പത്ത് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ജയ്റ്റ്‌ലി നോട്ടീസ് അയച്ചത്.
ഡല്‍ഹി ക്രിക്കറ്റ് ഭരണ സമിതിയിലെ ക്രമക്കേടുകള്‍ സംബന്ധിച്ച് അരവിന്ദ് കേജരിവാള്‍ നടത്തിയ പ്രസ്താവനകള്‍ ചൂണ്ടിക്കാട്ടിയാണ് കേജരിവാളിനും അഞ്ച് എഎപി നേതാക്കള്‍ക്കള്‍ക്കുമെതിരായി ജയ്റ്റ്‌ലി നേരത്തെ മാനനഷ്ടക്കേസ് നല്‍കിയത്. ജയ്റ്റ്‌ലി ഡിഡിസിഎയുടെ പ്രസിഡന്റായിരുന്ന കാലയളവില്‍ അദ്ദേഹവും കുടുംബാംഗങ്ങളും വ്യാപക സാമ്പത്തിക തിരിമറികള്‍ നടത്തിയെന്നായിരുന്നു കേജരിവാളിന്റെയും കൂട്ടരുടെയും ആരോപണം.