ന്യൂഡല്‍ഹി: റാം റഹീം പീഡനക്കേസില്‍ വിധി പ്രസ്താവം ഇന്ന്.
പഞ്ച്കുളയിലെ പ്രത്യേക സി.ബി.ഐ. കോടതിയില്‍ ജഡ്ജി ജഗ്ദീപ് സിങ്ങാണ് വിധിപറയുക. പഞ്ചാബിലും ഹരിയാനയിലുമടക്കം ലക്ഷക്കണക്കിന് അനുയായികളുള്ള ആള്‍ദൈവമാണ് ഗുര്‍മീത്. അക്രമസാധ്യതയുള്ളതിനാല്‍ കനത്ത ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. വന്‍ സുരക്ഷാസന്നാഹങ്ങളാണ് പഞ്ചാബ്, ഹരിയാന, ചണ്ഡീഗഢ് എന്നിവിടങ്ങളില്‍ ഒരുക്കിയിട്ടുള്ളത്.
2002-ല്‍ പഞ്ച്കുളയിലെ ദെര സച്ച സൗദ മേധാവി ഗുര്‍മീത് റാം റഹീമിന്റെ അനുയായി ആയിരുന്ന രണ്ട് സന്ന്യാസിനികളെ പീഡിപ്പിച്ചെന്നതാണ് ആരോപണം.
അതേസമയം വിധി പ്രസ്താവന നടത്താനിരിക്കെ ഇയാള്‍ക്ക് പിന്തുണയുമായി പഞ്ച്കുളയിലെ റാം റഹീമിന്റെ ആശ്രമത്തിലേക്ക് ആയിരക്കണക്കിനാളുകള്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. ഇതോടെ സ്ഥിതിഗതികള്‍ നിയന്ത്രിക്കുന്നതിനായി പ്രദേശത്ത് 5000ഓളം സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിച്ചു.
തുടര്‍ന്ന് ഇന്നലേയും ഇന്നും പ്രദേശത്തെ സ്‌കൂളുകള്‍ക്ക് ജില്ലാഭരണകൂടം അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. സുരക്ഷയ്ക്കായി സൈന്യത്തിന്റെ സഹായവും തേടിയിട്ടുണ്ട്.