ഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര 3000 കിലോമീറ്റർ പിന്നിട്ട വേളയിൽ ആശംസകൾ നേർന്ന് രാമജന്മക്ഷേത്രത്തിലെ മുഖ്യപുരോഹിതൻ ആചാര്യ സത്യേന്ദ്ര ദാസ് രംഗത്ത്. രാഹുൽ ഗാന്ധിക്ക് ഭഗവാൻ ശ്രീരാമന്റെ അനുഗ്രഹം എപ്പോഴും ഉണ്ടായിരിക്കട്ടെയെന്ന് ആശംസിച്ചു. കത്തിലൂടെയാണ് അദ്ദേഹം ആശംസകളറിയിച്ചത്. രാജ്യത്തെ ഒന്നിപ്പിക്കാനുള്ള കോൺഗ്രസിന്റെ നീക്കത്തിന് സത്യേന്ദ്ര ദാസ് പിന്തുണ അറിയിച്ചു. നിങ്ങൾ പോരാടുന്ന ദൗത്യം വിജയിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, പ്രാർത്ഥിക്കുന്നു. നിങ്ങളുടെ ദീർഘായുസ്സിനായി അനുഗ്രഹിക്കുന്നുവെന്നും കത്തിൽ പറയുന്നു.
നിങ്ങൾ ജനങ്ങളുടെ താൽപ്പര്യത്തിനും അവരുടെ സന്തോഷത്തിനും വേണ്ടിയാണ് പ്രവർത്തിക്കുന്നത്. ശ്രീരാമന്റെ അനുഗ്രഹം നിങ്ങൾക്ക് എപ്പോഴും ഉണ്ടായിരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നുവെന്നും കത്തിൽ പറഞ്ഞു. ആരോഗ്യപരമായ കാരണങ്ങളാലാണ് താൻ യാത്രയിൽ പങ്കെടുക്കാതിരുന്നതെന്ന് സത്യേന്ദ്രദാസ് അറിയിച്ചതായി കോൺഗ്രസ് അയോധ്യ വക്താവ് സുനിൽ ഗൗതം പറഞ്ഞു. പങ്കെടുക്കാൻ കഴിയില്ലെങ്കിലും കത്തിലൂടെ അദ്ദേഹം യാത്രയ്ക്ക് ധാർമ്മിക പിന്തുണ നൽകിയെന്നും സുനിൽ ഗൗതം വ്യക്തമാക്കി.