അയോധ്യ ക്ഷേത്രനിര്‍മാണ ട്രസ്റ്റിന്റെ ഭാരവാഹികളെ തെരഞ്ഞെടുത്തു

ന്യൂഡല്‍ഹി: അയോധ്യ ക്ഷേത്രനിര്‍മാണത്തിനുള്ള ട്രസ്റ്റിന്റെ ഭാരവാഹികളെ തെരഞ്ഞെടുത്തു. ശ്രീരാമജന്മഭൂമി തീര്‍ഥ ക്ഷേത്ര പ്രസിഡന്റായി രാമജന്മഭൂമി ന്യാസ് അധ്യക്ഷന്‍ മഹന്ത് നൃത്യഗോപാല്‍ ദാസിനെ തിരഞ്ഞെടുത്തു. വിഎച്ച്പിയുടെ രാജ്യാന്തര പ്രസിഡന്റ് ചംപത് റായിയാണ് ജനറല്‍ സെക്രട്ടറി. മുഖ്യട്രസ്റ്റി കെ. പരാശരന്റെ വസതിയില്‍ ചേര്‍ന്ന യോഗത്തില്‍ ട്രസ്റ്റ് ഭാരവാഹികളുടെ പേരുകള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ക്ഷേത്ര നിര്‍മാണ സമിതിയുടെ ചെയര്‍മാനായി മുന്‍ ക്യാബിനറ്റ് സെക്രട്ടറി നൃപേന്ദ്രമിശ്രയെ നിയമിച്ചു.

ട്രസ്റ്റിലുള്‍പ്പെടുത്താത്തതില്‍ കഴിഞ്ഞ ദിവസം കടുത്ത പ്രതിഷേധമറിയിച്ച നൃത്യഗോപാല്‍ ദാസിനെ ആഭ്യന്തര മന്ത്രി അമിത്ഷാ, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരും നേരത്തേ ചര്‍ച്ച നടത്തി അനുനയിപ്പിച്ചിരുന്നു. ട്രസ്റ്റ് അംഗങ്ങളായ വാസുദേവാനന്ദ് സരസ്വതി, വിമലേന്ദു മോഹന്‍, അനില്‍മിശ്ര എന്നിവരും നൃത്യഗോപാല്‍ ദാസുമായി ചര്‍ച്ച നടത്തിയിരുന്നു.

കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ശ്രീരാമജന്മഭൂമി തീര്‍ഥ ക്ഷേത്ര നിര്‍മാണ ട്രസ്റ്റിന്റെ മറ്റ് അംഗങ്ങള്‍: ഉഡുപ്പി പേജാവര്‍ മഠാധിപതി സ്വാമി വിശ്വ പ്രസന്ന തീര്‍ഥ, പ്രയാഗ്‌രാജ് ജ്യോതിഷ് ശങ്കരാചാര്യ പീഠാധ്യക്ഷന്‍ വാസുദേവാനന്ദ് സരസ്വതി സ്വാമി ഗോവിന്ദ് ദേവ് ഗിരി പുണെ സ്വാമി പരമാനന്ദ് ഹരിദ്വാര്‍, വിമലേന്ദു മോഹന്‍ പ്രതാപ് മിശ്ര , ഡോ. അനില്‍ മിശ്ര, കമലേശ്വര്‍ ചൗപാല്‍ , മഹന്ത് ധീരേന്ദ്ര ദാസ് , അഖാഡ അംഗത്തെ ട്രസ്റ്റിലുള്‍പ്പെടുത്തണമെന്ന സുപ്രീംകോടതി നിര്‍ദേശപ്രകാരമാണ് മഹന്ത് ധീരേന്ദ്ര ദാസിനെയും ഉള്‍പ്പെടുത്തിയത്. കൂടാതെ, ഹിന്ദുമത വിശ്വാസികളായ നാമനിര്‍ദേശം ചെയ്യപ്പെടുന്ന അംഗങ്ങള്‍, ട്രസ്റ്റ് ഭൂരിപക്ഷാഭിപ്രായ പ്രകാരം തിരഞ്ഞെടുക്കുന്ന 2 അംഗങ്ങള്‍ ,കേന്ദ്രസര്‍ക്കാര്‍ പ്രതിനിധി (ജോയിന്റ് സെക്രട്ടറി പദവിയില്‍ കുറയാത്ത ഐഎഎസ് ഉദ്യോഗസ്ഥന്‍), എക്‌സ് ഒഫിഷ്യോ അംഗം, യു.പി. സര്‍ക്കാര്‍ പ്രതിനിധി (സെക്രട്ടറി പദവിയില്‍ കുറയാത്ത ഉദ്യോഗസ്ഥന്‍), എക്‌സ് ഒഫിഷ്യോ അംഗം. അയോധ്യ കലക്ടര്‍ (ഹിന്ദുവല്ലെങ്കില്‍ അഡീഷനല്‍ കലക്ടര്‍), എക്‌സ് ഒഫിഷ്യോ അംഗം, ക്ഷേത്ര വികസന സമിതി ചെയര്‍മാന്‍ എക്‌സ് ഒഫിഷ്യോ അംഗം.

Top