ദില്ലി : അയോധ്യയിൽ രാമക്ഷേത്രത്തില്‍ പ്രതിഷ്‌ഠയ്ക്ക് പിന്നാലെ ഭക്തരുടെ വന്‍ തിരക്ക്. മൂന്ന് ലക്ഷത്തോളം തീർത്ഥാടകർ ആദ്യദിനം രാമക്ഷേത്രത്തിലെത്തിയതായി ക്ഷേത്ര ട്രസ്റ്റ് വ്യക്തമാക്കി. ഇന്നലെയാണ് അയോധ്യയിലെ രാമക്ഷേത്രത്തില്‍ പ്രാണ പ്രതിഷ്ഠ നടന്നത്. പ്രതിഷ്ഠാ ദിനത്തിൽ പൊതുജനത്തിന് പ്രവേശനമുണ്ടായിരുന്നില്ല. ഇന്ന് മുതലാണ് പൊതുജനങ്ങള്‍ക്ക് ക്ഷേത്രത്തില്‍ ദര്‍ശനം നടത്താന്‍ അനുമതിയുള്ളത്. ക്ഷേത്രം തുറന്ന് ആദ്യ ദിനം തന്നെ ഭക്തരുടെ വന്‍ ഒഴുക്കാണ് അനുഭവപ്പെട്ടതെന്ന് ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു.
പുലര്‍ച്ചെ മൂന്ന് മണി മുതല്‍ തന്നെ ക്ഷേത്രത്തിന്റെ പ്രധാന കവാടത്തില്‍ ഭക്തരുടെ നീണ്ട നിരയാണ് രൂപപ്പെട്ടത്. പ്രതിഷ്‌ഠ കഴിഞ്ഞുള്ള ആദ്യ ദിനം രാംലല്ല ദര്‍ശനം നടത്താന്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഭക്തരാണ് ക്ഷേത്രനഗരിയില്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. അതേസമയം തിരക്കുണ്ടെങ്കിലും നിർദിഷ്ട സമയത്തിനപ്പുറം ദർശനം നീട്ടാനാവില്ലെന്ന് ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികൾ വ്യക്തമാക്കി. ഭക്തരുടെ ഒഴുക്ക് കണക്കിലെടുത്ത് അയോധ്യ ക്ഷേത്രത്തിൽ സുരക്ഷക്കായി ഇന്ന് നിയോഗിച്ചത് ഉത്തർപ്രദേശ് പൊലീസിന്റെയും കേന്ദ്രസേനയുടെയും 8000 ലധികം ഉദ്യോഗസ്ഥരെയാണ്.
വരും ദിവസങ്ങളിലും ഭക്തരുടെ തിരക്ക് പ്രതീക്ഷിക്കുന്നതിനാൽ വലിയ പൊലീസ് സന്നാഹത്തെ സുരക്ഷക്കായി വിന്യസിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12.20നും 12.30നും ഇടയിലുള്ള മുഹൂര്‍ത്തത്തിലാണ് പ്രാണ പ്രതിഷ്ഠ നടന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആര്‍എസ്എസ് സര്‍സംഘ് ചാലക് മോഹന്‍ ഭാഗവത്, യുപി ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേല്‍, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയവര്‍ പൂജാ ചടങ്ങുകളില്‍ പങ്കെടുത്തു.ചടങ്ങിൽ മുഖ്യ യജമാനനായിട്ടാണ് പ്രധാനമന്ത്രി പങ്കെടുത്തത്. ദര്‍ഭ പുല്ലുകളാല്‍ തയ്യാറാക്കിയ പവിത്രം ധരിച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പൂജാ ചടങ്ങുകളില്‍ പങ്കെടുത്തത്. പ്രാണ പ്രതിഷ്ഠ നടക്കുമ്പോള്‍ ക്ഷേത്രത്തിന് പുറത്ത് സൈനിക ഹെലികോപ്ടറില്‍ പുഷ്പവൃഷ്ടി നടത്തിയിരുന്നു.