ദില്ലി: രാമരാജ്യത്തിന് ആവശ്യം സൗജന്യ വിദ്യാഭ്യാസവും ആരോഗ്യപരിരക്ഷയുമാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍.എല്ലാവര്‍ക്കും നല്ല വിദ്യാഭ്യാസവും ആരോഗ്യ പരിരക്ഷയും ലഭിക്കണം. ഇതിന് വേണ്ടിയാണ് എഎപിയുടെ നേതൃത്വത്തിലുള്ള ഡല്‍ഹി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും കെജ്രിവാള്‍ പറഞ്ഞു.
ഡല്‍ഹി സര്‍ക്കാരിന്റെ കീഴിലുള്ള അരുണ ആസഫ് അലി ആശുപത്രിയുടെ പുതിയ ഒപിഡി കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരോഗ്യ സംരക്ഷണവും വിദ്യാഭ്യാസവുമാണ് ഡല്‍ഹി സര്‍ക്കാരിന്റെ ശ്രദ്ധാകേന്ദ്രം. ഇവയുടെ വിപുലീകരണം ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനമാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആശുപത്രികളുടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി. പതിനൊന്ന് പുതിയ ആശുപത്രികള്‍ നിര്‍മ്മിച്ചു. നഗരത്തിലെ മുഴുവന്‍ സര്‍ക്കാര്‍ ആശുപത്രികളിലും ഇന്ന് ഏകദേശം 10,000 കിടക്കകള്‍ ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും നല്ല വിദ്യാഭ്യാസവും ആരോഗ്യപരിരക്ഷയും ആവശ്യമാണെന്നും, സര്‍ക്കാര്‍ ആ ദിശയില്‍ പ്രവര്‍ത്തിക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.