ഡല്‍ഹി: അയോധ്യ രാമക്ഷേത്രവുമായി ബന്ധപ്പെട്ട് ബിജെപി നടത്തുന്ന പ്രചരണത്തിനെതിരെ വീണ്ടും ഹനുമാനെ ആയുധമാക്കി ആം ആദ്മി പാര്‍ട്ടി. ഡല്‍ഹിയില്‍ നാളെ എല്ലാ മണ്ഡലങ്ങളിലും രാമായണത്തിലെ സുന്ദര കാണ്ഡം പാരായണം ചെയ്യും. രാമായണത്തില്‍ ഹനുമാന്‍ കേന്ദ്ര കഥാപാത്രമാകുന്ന ഏക അദ്ധ്യായമാണ് സുന്ദര കാണ്ഡം . കഴിഞ്ഞ ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിലും ബിജെപി യുടെ രാമക്ഷേത്ര പ്രചരണത്തെ ഹനുമാനെ മുന്‍ നിര്‍ത്തിയാണ് AAP പ്രതിരോധിച്ചത്. ജനുവരി 22 ന് മധ്യപ്രദേശ് സര്‍ക്കാര്‍ ‘ഡ്രൈ ഡേ’ പ്രഖ്യാപിച്ചിരിക്കുകയാണ്. അയോധ്യയിലെ രാമക്ഷേത്ര ‘പ്രാണ്‍ പ്രതിഷ്ഠാ’ ചടങ്ങ് പ്രമാണിച്ചാണ് തീരുമാനം. മുഖ്യമന്ത്രി മോഹന്‍ യാദവ് ഞായറാഴ്ചയാണ് ഇക്കാര്യം അറിയിച്ചത്. നാല് സംസ്ഥാനങ്ങള്‍ ഇതിനോടകം ‘ഡ്രൈ ഡേ’ പ്രഖ്യാപിച്ച് കഴിഞ്ഞു.
ജനുവരി 22 ന് സംസ്ഥാനത്തുടനീളം ഡ്രൈ ഡേ ആയിരിക്കും. മദ്യമോ മറ്റേതെങ്കിലും ലഹരി വസ്തുക്കളോ വില്‍ക്കുന്ന കടകള്‍ അന്ന് അടഞ്ഞുകിടക്കുമെന്നും മുഖ്യമന്ത്രി മോഹന്‍ യാദവ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ‘പ്രാണ്‍ പ്രതിഷ്ഠാ’ ചടങ്ങ് കണക്കിലെടുത്താണ് തീരുമാനം. ജനങ്ങള്‍ സഹകരിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ജനുവരി 22 ന് ‘ഡ്രൈ ഡേ’ പ്രഖ്യാപിക്കുന്ന അഞ്ചാമത്തെ സംസ്ഥാനമാണ് മധ്യപ്രദേശ്. ഉത്തര്‍പ്രദേശ്, ഛത്തീസ്ഗഡ്, ഉത്തരാഖണ്ഡ്, അസം തുടങ്ങിയ സംസ്ഥാനങ്ങള്‍ നേരത്തെ തന്നെ ‘ഡ്രൈ ഡേ’ ആണ്. പ്രാണ്‍ പ്രതിഷ്ഠാ’ ചടങ്ങിനുള്ള ഒരുക്കങ്ങള്‍ ഏറെക്കുറെ പൂര്‍ത്തിയായി. ചടങ്ങിന് മുന്നോടിയായുള്ള പൂജ കര്‍മങ്ങള്‍ നാളെ മുതല്‍ ആരംഭിക്കും. ഒരാഴ്ചയോളം നീണ്ടുനില്‍ക്കുന്നതാണ് പൂജാ ചടങ്ങുകള്‍.
രാമക്ഷേത്ര പ്രതിഷ്ഠാചടങ്ങിലേക്ക് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും കുടുംബത്തിനും ക്ഷണം ലഭിച്ചു. അയോധ്യയിലെ രാമക്ഷേത്രം പിന്നീട് സന്ദര്‍ശിക്കുമെന്ന് സ്റ്റാലിന്റെ ഭാര്യ ദുര്‍ഗ സ്റ്റാലിന്‍ നേതാക്കള്‍ക്ക് ഉറപ്പുനല്‍കി. 22-നാണ് അയോധ്യാ രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠാചടങ്ങ്. ആര്‍.എസ്.എസ്., വി.എച്ച്.പി. നേതാക്കള്‍ ഔദ്യോഗിക വസതിയിലെത്തിയാണ് സ്റ്റാലിനെയും കുടുംബത്തെയും ക്ഷണിച്ചത്. ഇത് ബി.ജെ.പി. രാഷ്ട്രീയപരിപാടിയായി മാറ്റിയെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണം. ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് കോണ്‍ഗ്രസ് നേതാക്കളായ സോണിയാ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും സി.പി.ഐ.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും ഉള്‍പ്പെടെയുള്ള നേതാക്കള്‍ നേരത്തേ വ്യക്തമാക്കിയിരുന്നു.