രാമനെ തെറ്റായി ചിത്രീകരിച്ചു; ‘ആദിപുരുഷി’നെതിരെ ബോയ്ക്കോട്ട് കാംപെയിൻ

ഇന്ത്യൻ സിനിമാ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ആദിപുരുഷ്. രാമായണത്തെ ആസ്പദമാക്കി ഒരുക്കുന്ന ആദിപുരുഷിൽ രാമനായിട്ടാണ് പ്രഭാസ് എത്തുന്നത്. ബാഹുബലിക്ക് ശേഷം പ്രഭാസിനെ രാജകീയ പ്രൌഢിയിൽ കാണാൻ പ്രേക്ഷകർ അക്ഷമരാണ്.  പ്രഭാസിനെ കൂടാതെ സെയ്ഫ് അലിഖാൻ, കൃതി സിനോൺ എന്നിവർ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. സീതയായി കൃതി സിനോണും രാവണൻ എന്ന കഥാപാത്രത്തെ സെയ്ഫ് അലിഖാനുമാണ് അവതരിപ്പിക്കുന്നത്. ഓം റൗട്ട് സംവിധാനം ചെയ്യുന്ന ചിത്രമാണ് ആദിപുരുഷ്.

വി.എഫ്.എക്സിന് പ്രധാന്യം നൽകി കൊണ്ട് ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രമായ ആദിപുരുഷിന്റെ ടീസർ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. പ്രതീക്ഷിച്ചത് പോലെ മികച്ച സ്വീകാര്യത നേടാൻ ടീസറിന് കഴിഞ്ഞില്ല. രൂക്ഷ വിമർശനവും ട്രോളുമായിരുന്നു ലഭിച്ചത്. വി.എഫ്.എക്സിന് പ്രാധാന്യം നൽകുന്ന ചിത്രത്തിന്റെ ഗ്രാഫിക്സിനായിരുന്നു വിമർശനം കേൾക്കേണ്ടി വന്നത്. ടീസറിന് ലഭിച്ച നെഗറ്റീവ് കമന്റ് പ്രഭാസിനേയും അണിയറ പ്രവർത്തകരേയും നിരാശയിലാഴ്ത്തിയിട്ടുണ്ട്. 2023 ലാണ് ചിത്രത്തിന്റെ തിയറ്റർ റിലീസ്.

ആദിപുരുഷിന്റെ ടീസറിനെതിരെ വിമർശനങ്ങൾ ഉയരുമ്പോൾ ചിത്രം ബോയ്കോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം രംഗത്ത് എത്തിയിട്ടുണ്ട്. ട്വിറ്ററിൽ ബോയ്കോട്ട് ആദിപുരുഷ് ഇടംപിടിച്ചിട്ടുണ്ട്. രാമായണത്തിനും ഭാരതീയ സംസ്‌കാരത്തിനും നാണക്കേടാണ് ആദിപുരുഷ് എന്നാണ് പലരും പറയുന്നത്. കൂടാതെ ചിത്രം രാമായണത്തെ തെറ്റായി ചിത്രീകരിക്കുന്നുവെന്ന് ഒരു വിഭാഗം ആളുകൾ പറഞ്ഞു.

രാമായണത്തില്‍ നിന്ന് വ്യത്യസ്തമായിട്ടാണ് ആദിപുരുഷില്‍ രാമനേയും രാവണനേയും അവതരിപ്പിച്ചിരിക്കുന്നത്. രാമന്‍ ശാന്തരൂപനും ദയാലുവുമാണെന്നും എന്നാല്‍ ആദിപുരുഷിലെ രാമനെ കോപിതനായി അവതരിപ്പിക്കുന്നുവെന്നും പ്രേക്ഷകർ ട്വീറ്റ് ചെയ്തു. കൂടാതെ ചിത്രത്തിലെ രാവണന് ഇസ്‌ലാമിക് രൂപം കൊടുത്തതിലും വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.

500 കോടി ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിൽ 250 കോടിയും വി. എഫ്. എക്സിന് വേണ്ടിയാണ് ചെലവഴിച്ചിരിക്കുന്നത്. 120 കോടിയാണ് പ്രഭാസിന്റെ പ്രതിഫലം. ടി- സീരിയസ്, റെട്രോഫൈല്‍ ബാനറില്‍ ഭൂഷണ്‍ കുമാറും കൃഷ്ണകുമാറും ഓം റൗട്ടും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

Top