Ramabaran-fasal murder cases; CPM-CBI conflict

കൊല്ലം: രാമഭദ്രന്‍ കേസില്‍ സിപിഎം ജില്ലാ കമ്മറ്റിയംഗം അടക്കം മൂന്ന് നേതാക്കള്‍ ജയിലിലടക്കപ്പെടുകയും ജില്ലാ സെക്രട്ടറിയേറ്റ് അംഗത്തെ പ്രതിയാക്കി കേസെടുക്കുകയും ചെയ്ത സാഹചര്യത്തില്‍ നിലപാട് കടുപ്പിച്ച് സിപിഎം.

അറസ്റ്റിലായി ജയിലിലടക്കപ്പെട്ട സിപിഎം നേതാക്കളെ സിബിഐ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള മര്‍ദ്ദന മുറകള്‍ സ്വീകരിച്ചാല്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ കാര്യങ്ങള്‍ വ്യക്തമാക്കാന്‍ സിപിഎം നേതൃത്വം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

മര്‍ദ്ദനത്തിന് കേസെടുക്കേണ്ടി വന്നാല്‍ സിബിഐയോട് പകരത്തിന് പകരം ചോദിക്കാന്‍ പറ്റുമെന്നതിനാലാണിത്.

ഇപ്പോള്‍ അറസ്റ്റിലായ ഒരു പ്രതി സിപിഎം ജില്ലാ നേതൃത്വത്തിന്റെ അറിവോട് കൂടിയാണ് കൊലപാതകം നടന്നതെന്ന് വെളിപ്പെടുത്തിയതായി സിബിഐ പറയുന്ന വാദം കെട്ടിച്ചമതാണെന്നും ബലമായി കസ്റ്റഡിയില്‍ ‘സമ്മര്‍ദ്ദം ചെലുത്തി’ പറയിപ്പിച്ചതാകാമെന്നുമാണ് സിപിഎം നേതൃത്വം കരുതുന്നത്.

മര്‍ദ്ദന മുറകള്‍ നടത്തിയാണ് ഇതിന് സാഹചര്യമൊരുക്കിയതെങ്കില്‍ അത് നിയമപരമായി തന്നെ ചോദ്യം ചെയ്യാനാണ് നീക്കം.

മുന്‍പ് മാധ്യമപ്രവര്‍ത്തകനായ ഉണ്ണിത്താന്‍ വധശ്രമക്കേസില്‍ അറസ്റ്റിലായ ഡിവൈഎസ്പി അബ്ദുള്‍ റഷീദിനെ സിബിഐ കസ്റ്റഡിയില്‍ മര്‍ദ്ദിച്ചുവെന്ന പരാതിയില്‍ എറണാകുളം അസി.കമ്മീഷണറുടെ നേതൃത്വത്തില്‍ സിബിഐയുടെ കൊച്ചി ഓഫീസില്‍ ലോക്കപ്പ് അടക്കമുള്ളവ പരിശോധിക്കുകയും ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുകയും നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു. സിബിഐ ഡയറക്ടര്‍ അടക്കമുള്ളവര്‍ പൊലീസ് നടപടിക്കെതിരെ അന്ന് ശക്തമായി രംഗത്ത് വന്നിരുന്നു.

കേരളത്തില്‍ ഇപ്പോള്‍ സിപിഎം നേതൃത്വത്തിലുള്ള ഇടത് സര്‍ക്കാരാണ് ഭരിക്കുന്നത് എന്നതിനാലും ‘വേട്ടയാടപ്പെടുന്നത്’ സിപിഎം നേതാക്കളായതിനാലും സിബിഐ ഒരു ദയയും പ്രതീക്ഷിക്കേണ്ടതില്ല.

അവസരം ലഭിക്കുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ സിബിഐയെ ഉപയോഗപ്പെടുത്തി സിപിഎം പ്രവര്‍ത്തകരെ കുരുക്കുകയാണെന്ന സിപിഎം നേതൃത്വത്തിന്റെ പരാതിക്ക് സമാനമായി തിരിച്ച് ഇപ്പോള്‍ കേരളം ഭരിക്കുന്ന പിണറായി സര്‍ക്കാര്‍ സിബിഐയെ കുരുക്കാന്‍ ശ്രമിക്കുകയാണെന്ന മറു ആരോപണവും ഉയര്‍ന്നിട്ടുണ്ട്. ഫസല്‍ വധക്കേസിലെ പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് ഈ ആക്ഷേപം.

ആര്‍എസ്എസ് പ്രവര്‍ത്തകരാണ് ഫസലിനെ കൊന്നതെന്ന ആര്‍എസ്എസ് പ്രവര്‍ത്തകനായ സുബീഷ് പൊലീസ് കസ്റ്റഡിയില്‍ വെളിപ്പെടുത്തിയത് ആര്‍എസ്എസ് നേതൃത്വത്തെ മാത്രമല്ല സിബിഐയെയും ഇപ്പോള്‍ വെട്ടിലാക്കിയിരിക്കുകയാണ്. കേരള പൊലീസിന്റെ ‘സമാന്തരമായ’ അന്വേഷണം ഈ കേസില്‍ ഇപ്പോള്‍ നടക്കുന്നതിനെ ആശങ്കയോടെയാണ് സിബിഐ അന്വേഷണ സംഘം കാണുന്നത്.

പ്രതികളായ കാരായിമാരെ കോടതി പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ കുറ്റവിമുക്തമാക്കിയാല്‍ ആര്‍എസ്എസ് മാത്രമല്ല സിബിഐ ഉദ്യോഗസ്ഥരും കുടുങ്ങും.

ഇത്തരമൊരു സാഹചര്യമുണ്ടായാല്‍ തങ്ങളെ രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായി പ്രതികളാക്കി കുടുക്കുകയായിരുന്നുവെന്ന് ആരോപിച്ച് കേസന്വേഷിച്ച സിബിഐ ഉദ്യോഗസ്ഥരെ പ്രതികളാക്കി കേസ് കൊടുക്കാന്‍ കാരായിമാര്‍ക്ക് കഴിയുമെന്നതിനാലാണിത്.

അങ്ങിനെ വന്നാല്‍ പിന്നെ പിണറായിയുടെ പൊലീസിന് മുന്നില്‍ സിബിഐക്ക് വിയര്‍ക്കേണ്ടി വരും. ഭാവിയിലും സിബിഐയുടെ ‘വേട്ട’ക്ക് വിരാമമിടാന്‍ ഇത്തരമൊരു നടപടി ആവശ്യമാണെന്ന നിലപാടിലാണ് സിപിഎം നേതൃത്വം.

നിയമപരമായി ഫസല്‍ കേസില്‍ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ സിബിഐയുടെ പുതിയ ടീം പുനരന്വേഷണം നടത്തുകയാണ് ചെയ്യേണ്ടത്. അതല്ലെങ്കില്‍ പ്രതികള്‍ കോടതിയെ സമീപിച്ചാല്‍ പുനരന്വേഷണത്തിന് കോടതി തന്നെ ഉത്തരവിടാനാണ് സാധ്യത. മാത്രമല്ല നേരത്തെ കേസ് അന്വേഷിച്ചത് സിബിഐ തന്നെ ആയതിനാല്‍ പുനരന്വേഷണം പുതിയ ടീം നടത്തിയാല്‍ പോലും കോടതിയില്‍ കാരായിമാരുടെ അഭിഭാഷകനും കേരള പൊലീസും നല്‍കുന്ന റിപ്പോര്‍ട്ടുകളായിരിക്കും നിര്‍ണ്ണായകമാവുകയെന്നാണ് നിയമവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.

ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ മൂലം വരും ദിവസങ്ങളില്‍ കേരള പൊലീസ് – സിബിഐ ഏറ്റുമുട്ടലിലേക്ക് കാര്യങ്ങള്‍ എത്തിയാലും അത്ഭുതപ്പെടേണ്ടതില്ല.

അതേസമയം ഫസല്‍ വധക്കേസില്‍ പൊലീസ് കസ്റ്റഡില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ നടത്തിയ വെളിപ്പെടുത്തല്‍ സംബന്ധിച്ച് സിബിഐ ഉന്നത ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ഐബിയും ഇത് സംബന്ധമായി അന്വേഷണം തുടങ്ങിയിട്ടുണ്ട്.

എന്നാല്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വെളിപ്പെടുത്തല്‍ വീഡിയോയില്‍ പകര്‍ത്തിയ കേരള പൊലീസ് ഇയാള്‍ പറഞ്ഞ കാര്യങ്ങള്‍ രഹസ്യമായി ഇതിനകം തന്നെ അന്വേഷിച്ച് കൂടുതല്‍ സപ്പോര്‍ട്ടിംഗ് തെളിവുകള്‍ ശേഖരിച്ച് തുടങ്ങിയതായാണ് ലഭിക്കുന്ന സൂചന.

Top