തിരുവനന്തപുരം: ഫസല്‍ വധക്കേസില്‍ സിപിഎം നേതാക്കളെ പ്രതിയാക്കി തുറുങ്കിലടച്ച സിബിഐ നടപടിക്ക് തിരിച്ചടിയായ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വെളിപ്പെടുത്തല്‍ സംബന്ധിച്ച പൊലീസ് നിലപാടില്‍ സിബിഐക്ക് കടുത്ത അതൃപ്തി.
ആര്‍എസ്എസ് പ്രവര്‍ത്തകന്റെ പൊലീസ് കസ്റ്റഡിയിലെ വെളിപ്പെടുത്തലിന് പിന്നില്‍ മറ്റ് പല താല്‍പര്യങ്ങളുമുണ്ടാകാമെന്ന നിഗമനത്തിലാണ് സിബിഐ കേന്ദ്രങ്ങള്‍.
അപ്രതീക്ഷിതമായി സിബിഐക്ക് നേരെയുണ്ടായ ഈ ‘ആക്രമണ’ത്തിന് തിരിച്ചടിയാണ് പെട്ടെന്ന് തന്നെ കൊല്ലം രാമഭദ്രന്‍ കേസില്‍ സിപിഎം നേതാക്കളെ അറസ്റ്റ് ചെയ്ത നടപടിയെന്നാണ് സൂചന.
ഏരൂര്‍ കോണ്‍ഗ്രസ്സ് മണ്ഡലം വൈസ് പ്രസിഡന്റും ഐഎന്‍ടിയുസി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റുമായിരുന്ന രാമഭദ്രന്‍ വീട്ടില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ 2010 ഏപ്രില്‍ 10ന് രാത്രിയാണ് കൊല്ലപ്പെട്ടത്.
ഈ കേസ് പിന്നീട് ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് കഴിഞ്ഞ ഒക്ടോബറിലായിരുന്നു സിബിഐക്ക് കൈമാറിയിരുന്നത്.
കേസില്‍ സിബിഐ അന്വേഷണം തുടരുന്ന ഘട്ടത്തില്‍ ഫസല്‍ കേസില്‍ സിബിഐയെ പ്രതിരോധത്തിലാക്കിയ വെളിപ്പെടുത്തല്‍ പുറത്ത് വന്നതോടെ രാമഭദ്രന്‍ കേസ് മുന്‍നിര്‍ത്തി സിബിഐ തിരിച്ചടിക്കുകയായിരുന്നുവത്രെ.
സിപിഎം ജില്ലാ കമ്മറ്റിയംഗം ബാബു പണിക്കര്‍, മന്ത്രി മേഴ്‌സിക്കുട്ടിമ്മയുടെ പി.എയും ഡിവൈഎഫ്‌ഐ നേതാവുമായ കുണ്ടറ സ്വദേശി മാക്‌സണ്‍, പുനലൂര്‍ സ്വദേശി റിയാസ് എന്നിവരാണ് അറസ്റ്റിലായത്.
ഈ കേസില്‍ സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗവും കശുവണ്ടി വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനുമായ എസ് ജയമോഹനെയും അറസ്റ്റ് ചെയ്തിരുന്നു. പ്രതികളെ ഒളിവില്‍ കഴിയാന്‍ സഹായിച്ചുവെന്നതാണ് ഇയാള്‍ക്കെതിരെയുള്ള കുറ്റം.
ഫസല്‍ കേസില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റംഗം കാരായി രാജനും തലശ്ശേരി ഏരിയാ സെക്രട്ടറിയും ജില്ലാ കമ്മറ്റിയംഗവുമായ കാരായി ചന്ദ്രശേഖരന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തിരുന്നത്.
ഇതിന് സമാനമായി രണ്ട് സിപിഎം ജില്ലാ നേതാക്കളെ തന്നെയാണ് രാമഭദ്രന്‍ കേസിലും സിബിഐ ഇപ്പോള്‍ കുരുക്കിയിരിക്കുന്നത്.
സിബിഐ നടപടി പകപോക്കലാണെന്ന് ആരോപിച്ച് സിപിഎം ഇതിനകം തന്നെ രംഗത്ത് വന്നിട്ടുണ്ട്. നിയമപരമായി നടപടിയെ ചോദ്യം ചെയ്യാന്‍ പ്രമുഖ അഭിഭാഷകരുടെ സഹായം പാര്‍ട്ടി നേതൃത്വം തേടിയിട്ടുണ്ട്.
അതേസമയം ഫസല്‍ വധക്കേസില്‍ നിന്ന് വിമുക്തമായാല്‍ സിബിഐക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാനാണ് കാരായി രാജന്റെയും ചന്ദ്രശേഖരന്റെയും നീക്കമെന്നാണ് സൂചന.