കൊല്ലം: കോണ്‍ഗ്രസ് നേതാവ് രാമഭദ്രന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മൂന്ന് സി.പി.എം നേതാക്കളെ അറസ്റ്റ് ചെയ്ത നടപടി രാഷ്ട്രീയ പകപോക്കലാണെന്നു സി.പി.എം കൊല്ലം ജില്ലാ സെക്രട്ടറി കെ.എന്‍ ബാലഗോപാല്‍.
ആറുവര്‍ഷം മുമ്പുള്ള കേസ് ലോക്കല്‍ പൊലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ച ശേഷമാണ് സി.ബി.ഐക്ക് വിട്ടത്. കേസില്‍ പ്രതികള്‍ക്കെതിരെ കുറ്റപത്രവും സമര്‍പ്പിച്ചിരുന്നു.
സി.പി.എം നേതാക്കള്‍ക്കെതിരെ യാതൊരു തെളിവും അന്ന് കണ്ടെത്തിയിരുന്നില്ല. എന്നാല്‍ രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കാന്‍ സി.പി.എം നേതാക്കളെ ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തിയ ശേഷം കഴിഞ്ഞ ദിവസം നാടകീയമായി അറസ്റ്റ് ചെയ്തു.
ഫസല്‍ വധക്കേസില്‍ സുപ്രധാന വെളിപ്പെടുത്തലുകള്‍ പുറത്തുവന്നതും അറസ്റ്റിന് പിന്നിലുണ്ടെന്ന് ബാലഗോപാല്‍ ആരോപിച്ചു.
സി.പി.എം കൊല്ലം ജില്ലാ കമ്മിറ്റിയംഗം കെ ബാബു പണിക്കര്‍, മന്ത്രി മേഴ്‌സിക്കുട്ടിയമ്മയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗം കുണ്ടറ സ്വദേശി മാക്‌സണ്‍, പുനലൂര്‍ സ്വദേശിയായ ഡി.വൈ.എഫ്.ഐ നേതാവ് റിയാസ് എന്നിവരെയാണ് ചൊവ്വാഴ്ച സി.ബി.ഐ അറസ്റ്റ് ചെയ്തത്.