തിരുവനന്തപുരം: പുതിയ മന്ത്രിമാരായി രാമചന്ദ്രന്‍ കടന്നപ്പള്ളിയും കെ.ബി.ഗണേഷ് കുമാറും ചുമതലയേറ്റു. രാജ്ഭവനില്‍ ഒരുക്കിയ പന്തലിലെ ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു.
ഏക എംഎല്‍എയുള്ള പ്രധാന ഘടകകക്ഷികള്‍ രണ്ടര വര്‍ഷം വീതം മന്ത്രിസ്ഥാനം പങ്കിടാമെന്ന എല്‍ഡിഎഫിലെ ധാരണ അനുസരിച്ചാണു മന്ത്രിപദവി വച്ചുമാറ്റം. ആന്റണി രാജുവും (ജനാധിപത്യ കേരള കോണ്‍ഗ്രസ്) അഹമ്മദ് ദേവര്‍കോവിലും (ഐഎന്‍എല്‍) സ്ഥാനം ഒഴിഞ്ഞതിനെ തുടര്‍ന്നാണു കോണ്‍ഗ്രസ്(എസ്), കേരള കോണ്‍ഗ്രസ്(ബി) പ്രതിനിധികള്‍ മന്ത്രി സ്ഥാനത്തേക്ക് എത്തിയത്.
ആന്റണി രാജു വഹിച്ച ഗതാഗതം അടക്കമുള്ള വകുപ്പുകള്‍ ഗണേഷിനും അഹമ്മദ് ദേവര്‍കോവില്‍ വഹിച്ച തുറമുഖം അടക്കമുള്ള വകുപ്പുകള്‍ രാമചന്ദ്രന്‍ കടന്നപ്പള്ളിക്കും ലഭിച്ചേക്കും. കഴിഞ്ഞ എല്‍ഡിഎഫ് മന്ത്രിസഭയിലും കടന്നപ്പള്ളി തുറമുഖ വകുപ്പാണു കൈകാര്യം ചെയ്തത്. നടന്‍ കൂടിയായ ഗണേഷ് കുമാര്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മന്ത്രിയായിരിക്കെ വഹിച്ച സിനിമാ വകുപ്പ് കൂടി ലഭിക്കണമെന്നു താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. നിലവില്‍ സജി ചെറിയാനാണ് സിനിമാ വകുപ്പ്. ചില സിപിഎം മന്ത്രിമാരും വകുപ്പുമാറ്റത്തിനു താല്‍പര്യം അറിയിച്ചതായാണു വിവരം.
22 വര്‍ഷം മുന്‍പ് അച്ഛന്‍ ആര്‍.ബാലകൃഷ്ണപിള്ളയുടെ പകരക്കാരനായാണ് ഗണേഷ് ആദ്യമായി മന്ത്രിക്കസേരയിലെത്തിയത്. 22 മാസത്തിനു ശേഷം, കുറ്റവിമുക്തനായ അച്ഛനു വേണ്ടി സ്ഥാനമൊഴിഞ്ഞു. സിനിമയില്‍ സജീവമായി നിന്ന കാലത്താണ് 2001ല്‍ കേരള കോണ്‍ഗ്രസ് (ബി) സ്ഥാനാര്‍ഥിയായി ഗണേഷ് പത്തനാപുരത്തു മത്സരിക്കുന്നത്. 5 തവണ പത്തനാപുരത്തെ പ്രതിനിധീകരിച്ചു. മൂന്നാം തവണയാണ് മന്ത്രിപദവി. ആദ്യ തവണ ആന്റണി മന്ത്രിസഭയില്‍ ഗതാഗത മന്ത്രിയായി. രണ്ടാം തവണ ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ വനം, സിനിമ മന്ത്രിയായി. എല്‍ഡിഎഫിലെത്തിയപ്പോള്‍ ആദ്യ തവണ എംഎല്‍എയായി നില്‍ക്കേണ്ടിവന്നു. രണ്ടാം പിണറായി സര്‍ക്കാരില്‍ ഒരു എംഎല്‍എ മാത്രമുള്ള ഘടക കക്ഷികള്‍ക്കും മന്ത്രിസ്ഥാനം നല്‍കാനുള്ള തീരുമാനപ്രകാരമാണ് ഗണേഷ് മന്ത്രിയാകുന്നത്.
1980ല്‍ ഇരിക്കൂറില്‍നിന്ന് എംഎല്‍എ ആയെങ്കിലും രാമചന്ദ്രന്‍ കടന്നപ്പള്ളി ആദ്യമായി മന്ത്രിയായത് 29 വര്‍ഷങ്ങള്‍ക്കു ശേഷമാണ്. വി.എസ്.അച്യുതാനന്ദന്‍ സര്‍ക്കാരില്‍ ദേവസ്വം വകുപ്പ് നല്‍കി കടന്നപ്പള്ളിയെ മന്ത്രിസഭയിലെടുത്തു. 2016ല്‍ പിണറായി മന്ത്രിസഭയില്‍ മന്ത്രി സ്ഥാനം ലഭിച്ചു. മൂന്നാം തവണ മന്ത്രിയാകുന്നതു രണ്ടര വര്‍ഷം ഇടവേളയ്ക്കു ശേഷം. എ.കെ.ആന്റണിയോടൊപ്പം ഇടതുപക്ഷത്തെത്തിയ കടന്നപ്പള്ളി, ആന്റണി പിന്നീട് മുന്നണി മാറിയപ്പോഴും ഇടതുതാവളത്തില്‍ തുടരുകയായിരുന്നു. രണ്ടു തവണ ദേവസ്വം വകുപ്പും ഒരുതവണ തുറമുഖ വകുപ്പും കൈകാര്യം ചെയ്ത കടന്നപ്പള്ളിക്ക് ഇത്തവണ തുറമുഖ വകുപ്പ് ലഭിക്കും.