റമദാനില്‍ പള്ളികളില്‍ കൂടുതല്‍ നിയന്ത്രണങ്ങളുമായി സൗദി

റിയാദ്: രാജ്യത്ത് കൊവിഡ് വ്യാപനം വീണ്ടും ശക്തമായ സാഹചര്യത്തില്‍ പ്രതിരോധ നടപടികളുടെ ഭാഗമായി പള്ളികളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സൗദി ഇസ്ലാമിക കാര്യ മന്ത്രാലയം തീരുമാനിച്ചു. റമദാനിന്‍റെ മുന്നോടിയായി മന്ത്രാലയം പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങളിലാണ് പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്.

മസ്ജിദുകളിലോ പരിസരങ്ങളിലോ പള്ളിയുമായി ബന്ധപ്പെട്ട കെട്ടിടങ്ങളിലോ സമൂഹ നോമ്പ് തുറ, അത്താഴം എന്നിവ അനുവദിക്കില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി. അതോടൊപ്പം മുഴുവന്‍ സമയം പള്ളികളില്‍ ഭജനമിരിക്കുന്ന ഇഅതികാഫ് കര്‍മവും റമദാനില്‍ അനുവദിക്കില്ല. ഇവ കൊവിഡ് വ്യാപനത്തിന് കാരണമാവുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. കൂടുതല്‍ ആളുകള്‍ ഒരുമിച്ചുകൂടുന്നത് തടയുകന്നതിനായി റമദാന് ശേഷമുള്ള പെരുന്നാള്‍ നമസ്‌കാരത്തിന് കൂടുതല്‍ സ്ഥലങ്ങള്‍ സജ്ജമാക്കാനും മന്ത്രാലയം തീരുമാനിച്ചു.

ഈദുല്‍ഫിത്തര്‍ നമസ്‌കാരത്തിനെത്തുന്നവരുടെ എണ്ണം പരമാവധി കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണിത്. ജുമുഅ നമസ്‌കാരം നടക്കുന്ന എല്ലാ പള്ളികളിലും ഈദ് നമസ്‌കാര സൗകര്യം ഒരുക്കും. അതേസമയം, റമദാനിലെ രാത്രി നമസ്‌കാരമായ തറാവീഹ്, മറ്റ് നമസ്‌കാരങ്ങള്‍ എന്നിവയുടെ കാര്യത്തിലുള്ള നിയന്ത്രണങ്ങള്‍ പിന്നീട് അറിയിക്കുമെന്നും മന്ത്രി അബ്ദുല്ലത്തീഫ് എല്‍ ശെയ്ഖ് വ്യക്തമാക്കി.

Top