രാമലീല ജൂലായ് 21 ന് തിയേറ്ററുകളിലെത്തും; ചിത്രത്തില്‍ വിശ്വാസമുണ്ടെന്ന് ടോമിച്ചന്‍ മുളകുപാടം

ദിലീപ് ചിത്രം രാമലീല ജൂലായ് 21ന് തിയേറ്ററുകളിലെത്തും.

ജൂലൈ ഏഴ് വെള്ളിയാഴ്ച്ചയാണ് ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരുന്നത്. എന്നാല്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിനെതിരെ ആരോപണം ശക്തമാകുകയും അന്വേഷണം ഊര്‍ജ്ജിതമാകുകയും ചെയ്ത സാഹചര്യത്തിലാണ് റിലീസിങ്ങ് മാറ്റി വച്ചതായി അറിയിച്ചത്.

ചിത്രത്തിന്റെ സാങ്കേതിക ജോലികള്‍ പൂര്‍ത്തിയാകാത്തതിനാലാണ് രാമലീല വൈകുന്നതെന്ന് ടോമിച്ചന്‍ മുളകുപാടം വ്യക്തമാക്കി.

രാമലീലയില്‍ വിശ്വാസമുണ്ടെന്നും പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെട്ടാല്‍ നിലവിലുള്ള പ്രശ്‌നങ്ങളെല്ലാം മാറ്റി വച്ച് ചിത്രത്തെ ഇരുകയ്യും നീട്ടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും ടോമിച്ചന്‍ മുളകുപാടം കൂട്ടിച്ചേര്‍ത്തു.

നവാഗതനായ അരുണ്‍ഗോപിയുടെ സംവിധാനത്തില്‍ സച്ചി തിരക്കഥ രചിക്കുന്ന രാമലീല കേരളത്തിലെ സമകാലിക രാഷ്ട്രീയരംഗത്തെ ചുറ്റിപ്പറ്റിയുള്ള കഥയാണ്.

മുളകുപാടം ഫിലിംസിനു വേണ്ടി ടോമിച്ചന്‍ മുളകുപാടമാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ദിലീപിന്റെ കഥാപാത്രമായ രാമനുണ്ണി ഒരു അഭിഭാഷകനാണ്. തന്റെ വക്കീല്‍ ജീവിതം ഉപേക്ഷിച്ച് നിര്‍ബന്ധിതമായ ചില സാഹചര്യങ്ങളില്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതാണ് കഥ.

രാമനുണ്ണിയുടെ അമ്മ സഖാവ് രാഗിണിയും ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. രാഗിണിയായി രാധിക ശരത് കുമാര്‍ നീണ്ട ഇടവേളയ്ക്കു ശേഷം മലയാള സിനിമയിലേക്ക് തിരിച്ചുവരികയാണ്.

പ്രയാഗ മാര്‍ട്ടിന്‍, രണ്‍ജി പണിക്കര്‍, സലിം കുമാര്‍, സിദ്ദിഖ്, വിജയരാഘവന്‍, കലാഭവന്‍ ഷാജോണ്‍, സുരേഷ് കൃഷ്ണ എന്നിവരാണ് മറ്റു താരങ്ങള്‍.

Top