തിരുവനന്തപുരം : മൂന്നുദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് കേരളത്തിലെത്തി. വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് രാഷ്ട്രപതി തിരുവനന്തപുരത്തെത്തിയത്. തിരുവനന്തപുരത്തെത്തിയ രാഷ്ട്രപതിയെ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിച്ചു.
രാഷ്ട്രപതി ഇന്ന് രാത്രി രാജ്ഭവനില്‍ തങ്ങും. നിയമസഭാ സമുച്ചയത്തില്‍ നടക്കുന്ന ‘ഫെസ്റ്റിവല്‍ ഓണ്‍ ഡെമോക്രസി’ പരിപാടി തിങ്കളാഴ്ച രാവിലെ 11ന് ഉദ്ഘാടനം ചെയ്യും. വൈകുന്നേരം 5.30ന് പ്രത്യേകവിമാനത്തില്‍ കൊച്ചിയിലേക്ക് തിരിക്കും.
എറണാകുളം ഗസ്റ്റ് ഹൗസില്‍ അന്ന് വൈകുന്നേരം തങ്ങിയശേഷം ഏഴിന് രാവിലെ ഒന്‍പതിന് ഹൈക്കോടതി ചീഫ് ജസ്റ്റീസുമായും ജഡ്ജിമാരുമായും പ്രാതല്‍ കൂടിക്കാഴ്ച ബോള്‍ഗാട്ടി പാലസില്‍ നടക്കും. തുടര്‍ന്ന് രാവിലെ 10.10ന് ഹെലികോപ്റ്റര്‍ മുഖേന തൃശൂരിലേക്ക് തിരിക്കും.
രാവിലെ 11ന് തൃശൂര്‍ സെന്റ് തോമസ് കോളജിന്റെ സെന്റിനറി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യും. അവിടെ നിന്ന് ഉച്ചയ്ക്ക് 12.30ന് ഗുരുവായൂരിലെത്തും.
ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിനുശേഷം ഉച്ചകഴിഞ്ഞ് 2.45ന് തിരികെ കൊച്ചിയിലെത്തി അവിടെ നിന്ന് പ്രത്യേക വിമാനത്തില്‍ ഡല്‍ഹിയിലേക്ക് തിരിക്കും.