രാമനാഥപുരം: കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന പശ്ചാത്തലത്തില്‍ പ്രതിരോധ മരുന്നുമായി നിരവധിപേരാണ് രംഗത്തെത്തുന്നത്. ഇപ്പോഴിതാ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി തമിഴ്‌നാട്ടിലെ ഒരു ഗ്രാമത്തില്‍ മഞ്ഞളും ആര്യവേപ്പും കലര്‍ത്തിയ വെള്ളം തെരുവുകളില്‍ തളിക്കുകയാണ്.
മുതുക്കുളത്തൂര്‍ ജില്ലയിലെ പേരയ്യൂര്‍ ഗ്രാമത്തിലെ തെരുവുകളിലാണ് വീപ്പകളില്‍ കൊണ്ടുവന്ന മഞ്ഞള്‍- ആര്യവേപ്പ് കലര്‍ത്തിയ വെള്ളം തളിച്ചത്. മഞ്ഞള്‍ ആര്യവേപ്പ് വെള്ളം തളിച്ചതിന് ശേഷം പ്രദേശത്ത് ബ്ലീച്ചിങ് പൗഡര്‍ വിതറുകയും ചെയ്തു. മഞ്ഞളും ആര്യവേപ്പും അണുനാശിനിയായാണ് ഉപയോഗിക്കുന്നതെന്ന് ഗ്രാമവാസികള്‍ പറഞ്ഞു. മാത്മ്രല്ല രാമനാഥപുരം ജില്ലയില്‍ സംസ്ഥാന ആരോഗ്യ വകുപ്പിന്റെയും ജില്ല ഭരണകൂടത്തിന്റെയും നേതൃത്വത്തില്‍ ബോധവല്‍ക്കരണ ക്ലാസുകളും അധികൃതര്‍ സംഘടിപ്പിച്ചു.
അതേസമയം,നേരത്തേ മഞ്ഞള്‍ പാലില്‍ ചേര്‍ത്തു കുടിച്ചാല്‍ കൊറോണയെ കൊല്ലാമെന്നും മഞ്ഞളും ചെറുനാരങ്ങയും ഉപയോഗിച്ചാല്‍ രോഗം ഭേദമാകുമെന്നും നിരവധി പേര്‍ അവകാശവാദം ഉന്നയിച്ചിരുന്നു.
മാത്രമല്ല, വൈറസിനെ കൊല്ലാന്‍ ഗോമൂത്രത്തിന് സാധിക്കുമെന്ന് ചൂണ്ടിക്കാട്ടി ഹിന്ദുമഹാസഭയും രംഗത്തെത്തിയിരുന്നു. അതിന് പിന്നാലെയാണ് ഈ മഞ്ഞള്‍ ആര്യവേപ്പ് പ്രയോഗം.
17 പേര്‍ക്കാണ് തമിഴ്‌നാട്ടില്‍ പുതുതായി കൊറോണ രോഗ ബാധ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 67 ആയി ഉയര്‍ന്നു.