ന്യൂഡല്‍ഹി;സീതാറാം യെച്ചുരിക്കെതിരെ പരാതിയുമായി ബാബാ രാംദേവ് രംഗത്ത്. രാമായണത്തെ കുറിച്ചും മഹാഭാരതത്തെ കുറിച്ചും നടത്തിയ വിവാദ പരാമര്‍ശങ്ങളാണ് സിപിഎം ജനറല്‍ സെക്രട്ടറിക്കെതിരെ ബാബാ രാംദേവ് തിരിയാന്‍ കാരണമായത്.
രാമായണവും മഹാഭാരതവും അക്രമവും യുദ്ധവും നിറഞ്ഞതാണെന്നും, ഹിന്ദുക്കളും അക്രമാസക്തരാകുമെന്ന് ഈ ഇതിഹാസങ്ങള്‍ തെളിയിക്കുന്നു എന്നുമായിരുന്നു യെച്ചുരിയുടെ പരാമര്‍ശം. ഹിന്ദുക്കള്‍ ഹിംസയില്‍ വിശ്വസിക്കുന്നില്ല എന്ന മലേഗാവ് സ്ഫോടനത്തിലെ മുഖ്യപ്രതിയും ഭോപാലിലെ ബിജെപി സ്ഥാനാര്‍ത്ഥിയുമായ പ്രജ്ഞാ സിങ് താക്കൂറിന്റെ പ്രസ്താവനയ്ക്ക് മറുപടി നല്‍കുകയായിരുന്നു യെച്ചൂരി. പാര്‍ലമെന്ററി സിസ്റ്റം ഇലക്ഷന്‍സ് ആന്റ് ഡെമോക്രസി എന്ന വിഷയത്തില്‍ ഭോപാലില്‍ നടന്ന സിംപോസിയത്തിലായിരുന്നു യെച്ചൂരിയുടെ പ്രസ്താവന.
കൂടാതെ ഇറ്റലിയിലെ മുസ്സോളിനിയുടെ ഫാസിസ്റ്റ് ഭരണത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ആര്‍എസ്എസ് പ്രവര്‍ത്തിക്കുന്നതെന്നും യെച്ചൂരി വിമര്‍ശിച്ചു. സൈന്യത്തെ ഹിന്ദൂകരിക്കാനുള്ള ശ്രമവും, ഹിന്ദുക്കളെ അക്രമണസജ്ജരാക്കാനുള്ള ആര്‍എസ്എസിന്റ ശ്രമവും ഇതിന്റെ ഭാഗമാണെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തിരുന്നു.
യെച്ചൂരിയുടെ പരാമര്‍ശത്തിനെതിരെ ഹരിദ്വാര്‍ എസ്എസ്പിക്കാണ് രാംദേവ് പരാതി നല്‍കിയിരിക്കുന്നത്.