മറാത്ത പ്രക്ഷോഭത്തെ പിന്തുണയ്ക്കുന്നതായി രാംദാസ് അത്വാലെ

ramdas-athewale

ന്യൂഡല്‍ഹി : മറാത്ത സംവരണത്തെ പിന്തുണയ്ക്കുന്നുവെന്ന് കേന്ദ്രമന്ത്രി രാംദാസ് അത്വാലെ. സര്‍ക്കാര്‍ ജോലി, വിദ്യാഭ്യാസ സംവരണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മഹാരാഷ്ട്രയില്‍ മറാത്ത വിഭാഗം പ്രക്ഷോഭം ആരംഭിച്ചത്. ഇതിനെ പിന്തുണച്ചു കൊണ്ടാണ് കേന്ദ്രമന്ത്രിയുടെ പരാമര്‍ശം. മറാത്താ വിഭാഗത്തിന് 50 മുതല്‍ 75 ശതമാനം വരെ സംവരണം നല്‍കണമെന്നാണ് തന്റെ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.

‘എന്‍ഡിഎ സര്‍ക്കാരിനു മുന്നില്‍ താന്‍ ഇക്കാര്യം അവതരിപ്പിച്ചിട്ടുള്ളതാണ്. സംവരണം സംബന്ധിച്ച് പാര്‍ലമെന്റ് നിയമം കൊണ്ടു വരണം’ രാംദാസ് പറഞ്ഞു.

ദിവസങ്ങളായി നടന്നു വന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി വ്യാപക അതിക്രമമാണ് നടന്നു കൊണ്ടിരുന്നത്. അതേസമയം കുറച്ച് മുമ്പാണ് മുംബൈ നഗരത്തില്‍ മറാത്ത വിഭാഗക്കാര്‍ നടത്തി വന്ന ബന്ദ് പിന്‍വലിച്ചത്.

ഓഫീസില്‍ പോയ ജോലിക്കാരും സ്‌കൂള്‍ കുട്ടികളും സുരക്ഷിതരായി വീടുകളില്‍ എത്തുന്നതിന് വേണ്ടിയാണ് താത്കാലികമായി ബന്ദ് പിന്‍വലിക്കുന്നതെന്ന് സമരക്കാര്‍ അറിയിച്ചു. ബന്ദ് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് മറാത്ത വാദികള്‍ നടത്തിയ പ്രകടനങ്ങള്‍ അക്രമാസക്തമായിരുന്നു.

മറാത്ത ക്രാന്തി മോര്‍ച്ചയാണ് ബന്ദ് പിന്‍വലിച്ച വിവരം അറിയിച്ചത്. എന്നാല്‍ സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളില്‍ സമരം തുടരുമെന്നും അറിയിച്ചു.

ബന്ദിനെ തുടര്‍ന്ന് പലയിടത്തും ബസ് ട്രെയിന്‍ ഗതാഗതങ്ങള്‍ തടസപ്പെട്ടിരുന്നു. മുംബൈ, നവി മുംബൈ, താനെ, പാല്‍ഘര്‍, റായ്ഗഡ് എന്നിവിടങ്ങളില്‍ ബന്ദ് അനുകൂലികള്‍ അക്രമം അഴിച്ചുവിട്ടിരുന്നു. സംവരണത്തിന്റെ കാര്യത്തില്‍ അനുകൂലമായ തീരുമാനങ്ങള്‍ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് മാറാത്ത സമുദായം.

Top