കോടതിയില്‍ നടന്നത് ഒത്തുതീര്‍പ്പ് നാടകം, തെറ്റ് തെറ്റല്ലാതാകുന്നില്ല; ശശീന്ദ്രനെതിരെ തുറന്നടിച്ച് ചെന്നിത്തല

chennithala

തിരുവനന്തപുരം: ഫോണ്‍കെണി കേസില്‍ കുറ്റവിമുക്തനായ എന്‍സിപി നേതാവ് എ കെ ശശീന്ദ്രനെ വീണ്ടും മന്ത്രിസ്ഥാനത്തേക്ക് കൊണ്ടുവരാനുള്ള നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

ധാര്‍മികതയെക്കുറിച്ച് എന്നും പുരപ്പുറത്ത് കയറി നിന്ന് വലിയ വായില്‍ പ്രസംഗിക്കാറുള്ള ഇടതു മുന്നണിയുടെ യഥാര്‍ത്ഥ മുഖമാണ് എ.കെ.ശശീന്ദ്രനെ വീണ്ടും മന്ത്രിയാക്കാനുള്ള നീക്കത്തിലൂടെ പുറത്ത് വരുന്നതെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. കോടതിയില്‍ നടന്നത് ഒത്തുതീര്‍പ്പ് നാടകമാണെന്നും, കോടതി കുറ്റവിമുക്തനാക്കിയെന്ന് കരുതി തെറ്റ് തെറ്റല്ലാതാകുന്നില്ല, ശശീന്ദ്രന്റെ സംഭാഷണം എല്ലാവരും കേട്ടതാണ്, അന്ന് സംഭാഷണം സ്വകാര്യ ടെലിവിഷന്‍ ചാനല്‍ പുറത്തു കൊണ്ടു വന്നപ്പോള്‍ അത് ശശീന്ദ്രന്‍ നിഷേധിച്ചിരുന്നില്ല, മറിച്ച് കൈയോടെ രാജിവയ്ക്കുകയായിരുന്നു, കുറ്റബോധം ഉണ്ടായിരുന്നതിനാലാണ് ഉടനടി അദ്ദേഹം രാജിവച്ചതെന്നും ചെന്നിത്തല പറഞ്ഞു.

ഫോണ്‍കെണി കേസിലെ പരാതിക്കാരിയായ ചാനല്‍ പ്രവര്‍ത്തകയുടെ മൊഴിമാറ്റം കോടതി അംഗീകരിച്ചതിനെ തുടര്‍ന്നാണ് ശശീന്ദ്രനെ തിരുവനന്തപുരം സി.ജെ.എം കോടതി കുറ്റവിമുക്തനാക്കിയത്.

Top