തിരുവനന്തപുരം: അനര്‍ഹരെ ഒഴിവാക്കുന്നു എന്ന പേരില്‍ ക്ഷേമ പെന്‍ഷനില്‍ സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.ധനമന്ത്രി തോമസ് ഐസക് പറയുന്നത് പത്ത് ലക്ഷത്തോളം അനര്‍ഹര്‍ ക്ഷേമ പെന്‍ഷനുകള്‍ കൈപ്പറ്റുന്നുണ്ടെന്നാണ്.എന്നാല്‍ സര്‍ക്കാരിന് എങ്ങനെയാണ് ഈ കണക്കുകള്‍ കിട്ടിയത് എന്ന് അറിയില്ല.സൂക്ഷമ പരിശോധനക്കു ശേഷമാണ് ഒരാള്‍ക്ക് പെന്‍ഷന്‍ അനുവദിക്കുകയുള്ളു,അങ്ങനെയുള്ളപ്പോള്‍ അനര്‍ഹരെ കണ്ടുപിടിക്കുന്നതിന്റെ മാനദണ്ഡം എന്താണന്ന് സര്‍ക്കാര്‍ തുറന്ന് പറഞ്ഞിട്ടില്ലാന്നും ചെന്നിത്തല വ്യക്തമാക്കി.
ഓരോ വീടുകളിലും ചെന്ന് രാഷ്ട്രീയപരിഗണന മുന്‍നിര്‍ത്തി അര്‍ഹരെയും അനര്‍ഹരെയും തീരുമാനിക്കുന്നതാണ് സി.പി.എം ന്റെ നടപടിയെങ്കില്‍ ,അതിനെ രാഷ്ടീയമായി തന്നെ നേരിടും.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അതാത് വാര്‍ഡുകളിലെ ജനപ്രതിനിധികള്‍, റവന്യു ഇന്‍സ്‌പെക്ടര്‍, കോര്‍പ്പറേഷന്‍ മുനിസിപ്പല്‍ പഞ്ചായത്ത് സെക്രട്ടറിമാര്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റികള്‍ എന്നിവരാണ് ക്ഷേമ പെന്‍ഷന് അര്‍ഹരായവരെ കണ്ടെത്തുന്നത്.വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാനെന്ന വ്യാജേനെ ഓരോ വീടും കയറി ഇറങ്ങി സി.പി.എം കമ്മിറ്റികള്‍ തങ്ങള്‍ക്ക് താല്‍പര്യമില്ലാത്തവരുടെ പേരുകള്‍ കണ്ടെത്തി ഒഴിവാക്കുകയാണ് എന്നും രമേഷ് ചെന്നിത്തല പറഞ്ഞു.