രമേശ് ചെന്നിത്തല പ്രവര്‍ത്തിക്കുന്നത് ആര്‍.എസ്.എസ് പ്രചാരകനായെന്ന്

കോട്ടയം : ശബരിമലവിധിയുടെ മറവില്‍ സംഘപരിവാര്‍ നടത്തുന്ന കലാപത്തെ ന്യായീകരിച്ച് സംസ്ഥാന സര്‍ക്കാരിനെ പഴിചാരുന്ന എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുടെ നിലപാട് അപമാനകരവും ആത്മഹത്യാപരവുമാണെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ എ റഹിം.

സംഘപരിവാര്‍ ആസൂത്രണം ചെയ്ത് നടപ്പാക്കുന്ന സായുധ കലാപങ്ങളെയാണ് അദ്ദേഹം പരസ്യമായി പിന്തുണയ്ക്കുന്നതെന്നും റഹിം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ആര്‍എസ്എസിനെ വെള്ളപൂശാന്‍ വാര്‍ത്താക്കുറിപ്പ് തയാറാക്കുന്നതിന് മുന്‍പ് അല്‍പം പിന്നിലേയ്ക്ക് അദ്ദേഹം തിരിഞ്ഞു നോക്കണം. എന്‍എസ്എസിന്റെ ഉടമസ്ഥതയിലുള്ള തിരുവനന്തപുരം എംജി കോളേജിനെയും ധനുവച്ചപുരം കോളേജിനെയും ആയുധപ്പുരകളാക്കിമാറ്റി കലാപം ഉണ്ടാക്കുകയും പരസ്യമായി വെല്ലുവിളിയ്ക്കുകയും ചെയ്തത് ഇതേ ആര്‍എസ്എസാണെന്ന് സുകുമാരന്‍ നായര്‍ മറക്കരുത്. വിമോചനസമരത്തിന്റെ ഓര്‍മകളാണ് സുകുമാരന്‍നായരില്‍ തികട്ടുന്നത്. കാലമെത്ര പുരോഗമിച്ചെന്നും കേരളമില്ലെങ്കില്‍ എന്‍എസ്എസുമില്ലെന്നും ഓര്‍ക്കുന്നത് നല്ലതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നവോത്ഥാനത്തിന്റെ പേരില്‍ സംസ്ഥാനസര്‍ക്കാര്‍ നിരീശ്വരവാദം പ്രചരിപ്പിക്കുന്നുവെന്ന എന്‍എസ്എസ് ആരോപണം വിമോചനസമരത്തിന്റെ തനിമുദ്രാവാക്യമാണ്. ജനാധിപത്യസമൂഹത്തില്‍ ജനങ്ങളുടെ മതവിശ്വാസത്തെയും ആചാരത്തെയും പറ്റി നല്ല ബോധ്യമുള്ള സ്ഥാപനമാണ് സുപ്രീംകോടതി. ആ സുപ്രീംകോടതിയെയാണ് സുകുമാരന്‍ നായര്‍ ജനാധിപത്യം പഠിപ്പിക്കാന്‍ ശ്രമിക്കുന്നത്.

പ്രത്യക്ഷത്തില്‍ സുകുമാരന്‍ നായരുടെ നേതൃത്വത്തില്‍ എന്‍എസ്എസ് തുടര്‍ച്ചയായി കോടതിയലക്ഷ്യമാണ് നടത്തികൊണ്ടിരിക്കുന്നത്. ശബരിമല കേസില്‍ കക്ഷിയായ എന്‍എസ്എസാണ് കലാപങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതെന്നതും വൈരുധ്യം.

എന്‍എസ്എസിലെ ഉല്‍പതിഷ്ണുക്കളായ ചരിത്രബോധമുള്ളവര്‍ ഈ നിലപാടുകള്‍ക്കെതിരെ തിരുത്തല്‍ശക്തിയായി പ്രവര്‍ത്തിക്കണം. ശബരിമല വിഷയത്തില്‍ വിയോജിപ്പ് പ്രകടിപ്പിക്കാന്‍ വ്യക്തികള്‍ക്കും സംഘടനകള്‍ക്കും സ്വാതന്ത്ര്യമുണ്ട്. കോടതിവിധിയോട് വിയോജിപ്പ് പ്രകടിപ്പിക്കുന്നതും കുറ്റകരമല്ല. പക്ഷെ, ഇതിന്റെ മറവില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ ആര്‍എസ്എസ് സായുധകലാപത്തെ പ്രോത്സാഹിപ്പിക്കുന്നത് ക്രിമിനല്‍കുറ്റമാണെന്നും റഹിം ആരോപിച്ചു.

യുവതി പ്രവേശനത്തില്‍ എസ്എന്‍ഡിപിയ്ക്ക് അവരുടേതായ നിലപാടുള്ളപ്പോള്‍ തന്നെ വര്‍ഗീയധ്രുവീകരണത്തിന് അവര്‍ ശ്രമിച്ചില്ല. ആര്‍എസ്എസ് കലാപത്തെ അനുകൂലിച്ച് പത്രക്കുറിപ്പും ഇറക്കിയില്ല. ഇതാണ് എന്‍എസ്എസും എസ്എന്‍ഡിപിയും തമ്മിലുള്ള വ്യത്യാസം. അക്രമങ്ങള്‍ക്കെതിരെ അതേനാണയത്തില്‍ പ്രതിരോധത്തിനല്ല ഡിവൈഎഫ്‌ഐ ശ്രമിക്കുന്നത്. ആര്‍എസ്എസിനെക്കുറിച്ച് ജനങ്ങളെ ബോധ്യപ്പെടുത്തി പ്രതിരോധം തീര്‍ക്കാനാണ് ശ്രമം.

ഉത്തരേന്ത്യന്‍ മാതൃകയില്‍ കേരളത്തില്‍ വ്യാപക കലാപത്തിനാണ് ആര്‍എസ്എസ് ലക്ഷ്യമിട്ടിരുന്നത്. പലയിടത്തും ആയുധപ്പുരകള്‍ ഒരുക്കി. പൊലീസ് സ്റ്റേഷനുകള്‍ വരെ ബോംബാക്രമണത്തിന് വിധേയമായി. ആര്‍എസ്എസ്എസും ശബരിമല കര്‍മ സമിതിയും നേതൃതലത്തില്‍ തയാറാക്കിയ കലാപ പദ്ധതിയാണിത്.

ശബരിമലകര്‍മ സമിതിയുടെ നേതാവ് മുന്‍ ഡിജിപി ടിപി സെന്‍കുമാറാണ്. ഇദ്ദേഹം ഉള്‍പ്പെടെയുള്ള നേതൃത്വമാണ് പൊലീസ്സ്‌റ്റേഷനും പൊലീസുകാരെയും ആക്രമിക്കാന്‍ പ്രേരണ നല്‍കുന്നത്. ഹര്‍ത്താലിന്റെ മറവില്‍ അക്രമം നടന്നാല്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരെ കേസ് എടുക്കണമെന്നായിരുന്നു സര്‍വീസിലുള്ളപ്പോള്‍ സെന്‍കുമാറിന്റെ നിലപാട്. ഇതുതന്നെയാണോ ഇപ്പോഴത്തെയും നിലപാടെന്ന് സെന്‍കുമാര്‍ വ്യക്തമാക്കണമെന്നും റഹിം കൂട്ടിച്ചേര്‍ത്തു.

പൊലീസ് സ്റ്റേഷന്‍ ആക്രമണത്തില്‍ മൗനം പാലിച്ച മുന്‍ ആഭ്യന്തരമന്ത്രി കൂടിയായ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആര്‍എസ്എസ് പ്രചാരകനെപ്പോലെയാണ് സംസാരിക്കുന്നത്. സംഘപരിവാറിന്റെ കലാപ ശ്രമങ്ങളെ കേരളം ഒരേ മനസോടെ പ്രതിരോധിക്കണമെന്നും എ എ റഹിം പറഞ്ഞു.

സംസ്ഥാന പ്രസിഡന്റ് എസ് സതീഷ്, കോട്ടയം ജില്ലാ പ്രസിഡന്റ് കെ ആര്‍ അജയ്, സെക്രട്ടറി സജേഷ് ശശി, ട്രഷറര്‍ അനില്‍കുമാര്‍, സംസ്ഥാന സെക്രട്ടറിയറ്റംഗം ജെയ്ക് സി തോമസ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Top