കണ്ണൂര്‍: ഏതെങ്കിലും മതചിഹ്നങ്ങള്‍ ഉപയോഗിച്ചുകൊണ്ട് കൈയേറ്റ ശ്രമങ്ങളെ ന്യായീകരിക്കാനുള്ള ശ്രമങ്ങളോട് കോണ്‍ഗ്രസിന് യോജിപ്പില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കണ്ണൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സര്‍ക്കാരിന്റെ സംരക്ഷണയിലുള്ള സര്‍ക്കാരിന്റെ ഭൂമി സംരക്ഷിക്കുക എന്നത് മുഖ്യമന്ത്രിയുടേയും സര്‍ക്കാരിന്റേയും ചുമതലയാണ്. എന്നാല്‍ ഇവിടെ കൈയേറ്റങ്ങള്‍ക്ക് അനുകൂലമായ നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചുകൊണ്ടിരിക്കുന്നത്.
ജെസിബി ഉപയോഗിച്ചായിരുന്നില്ല കഴിഞ്ഞദിവസം കുരിശ് പൊളിക്കേണ്ടിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു. ശരിയായ നിയമനടപടികളിലൂടെയായിരുന്നു അത് ചെയ്യേണ്ടിയിരുന്നത്. ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി അറിയാതെ പ്രദേശത്ത് 144 പ്രഖ്യാപിച്ചു എന്നത് അദ്ഭുതകരമായ കാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രി പിണറായി വിജയനെതിരെയും അദ്ദേഹം രൂക്ഷ വിമര്‍ശനമുന്നയിച്ചു. ഒന്നുകില്‍ ഭരണത്തില്‍ നടക്കുന്ന കാര്യങ്ങളൊന്നും മുഖ്യമന്ത്രിക്ക് അറിയാന്‍ കഴിയുന്നില്ല. അല്ലെങ്കില്‍ മുഖ്യമന്ത്രി എല്ലാം മറച്ചുവെയ്ക്കുന്നു. ഏറ്റെടുക്കേണ്ട സ്ഥലങ്ങളെക്കുറിച്ച് ഒരു മുന്‍ഗണനാക്രമം സര്‍ക്കാര്‍ തീരുമാനിക്കണമായിരുന്നു. എല്ലാത്തിന്റെയും പിന്നില്‍ ആസൂത്രിതമായ ഗൂഢാലോചനയുണ്ടെന്ന് കരുതേണ്ടിയിരിക്കുന്നു. കയ്യേറിയ സര്‍ക്കാര്‍ ഭൂമി പിടിച്ചെടുക്കുന്നതിന് ആരും എതിര്‍ക്കില്ല. സര്‍വകക്ഷിയോഗത്തിന്റെ സാംഗത്യം മനസിലാവുന്നില്ലെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.